ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമിച്ച കപ്പലിൽ നിന്ന് 24 ഇന്ത്യക്കാരെയും രക്ഷിച്ചു
മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ച എണ്ണക്കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നാവികസേനയും ഇന്ത്യൻ അധികൃതരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. 2026 ജൂൺ 8ന് ഒമാൻ തീരത്തിന് സമീപത്തുവെച്ചാണ് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ച് ഇറാനിലേക്ക് പോകാൻ ശ്രമിച്ച എംടി മാരിവെക്‌സ് എന്ന കപ്പലിന് നേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്.
പലാവു പതാക ഘടിപ്പിച്ച ഈ കപ്പൽ യുഎസ് സൈന്യത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതോടെയാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിൽ നിന്നും പറന്നുയർന്ന എഫ്/എ18 സൂപ്പർ ഹോർനെറ്റ് വിമാനം കപ്പലിന് നേരെ ആക്രമണം നടത്തിയത്. എഞ്ചിൻ റൂമും സ്റ്റിയറിംഗ് വിഭാഗവും തകർത്ത ഈ ആക്രമണം കാരണം കപ്പലിന് തീപിടിക്കുകയും പൂർണമായും നിയന്ത്രണം നഷ്ടമാവുകയും ചെയ്തു.
കപ്പൽ അപകടത്തിലായതിനെത്തുടർന്ന് ഒമാൻ നാവിക-വ്യോമസേനകൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മുംബൈ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ, മസ്‌കത്തിലെ ഇന്ത്യൻ എംബസി എന്നിവയുടെ സഹകരണത്തോടെ ഉടനടി സംയുക്ത രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ ദൗത്യത്തിനൊടുവിൽ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരെയും യാതൊരു പരിക്കും കൂടാതെ സുരക്ഷിതമായി ഒമാനിലെ മസിറ ദ്വീപിലേക്ക് മാറ്റി. ഇവർ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് ഔ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.