‘ഡേറ്റിംഗിന് 370 രൂപയുടെ ബിരിയാണി നൽകി, അത് ഞാൻ മുതലാക്കും’; ലൈവ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ യുവാവിനെ പിരിച്ചുവിട്ട് കമ്പനി
ഗുർഗാവ്: സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണീത് മോറെയുടെ ഷോയ്ക്കിടെ സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ നടത്തിയ 23-കാരനായ വെബ് ഡെവലപ്പർ ഹിമാൻഷു ജാൻഗ്രയെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹരിയാനയിലെ ഗുർഗാവ് (ഗുരുഗ്രാം) ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്റ്റാർവിക് ഡിസൈൻ’ എന്ന സ്ഥാപനമാണ് ജീവനക്കാരനെതിരെ കടുത്ത നടപടിയെടുത്തത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കമ്പനിയുടെ തീരുമാനം.
ഒരു ഡേറ്റിംഗിനിടെ താൻ അനുഭവിച്ച കാര്യങ്ങൾ എന്ന രീതിയിലാണ് കൊമേഡിയനുമായുള്ള സമ്പർക്കത്തിനിടയിൽ പ്രേക്ഷകർക്കിടയിലിരുന്ന് ഹിമാൻഷു സംസാരിച്ചത്. ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയപ്പോൾ 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും, ഇത്രയും പണം ചിലവാക്കിയ സ്ഥിതിക്ക് പകരം എന്തെങ്കിലും തിരിച്ചു കിട്ടാൻ തനിക്ക് അവകാശമുണ്ടെന്ന രീതിയിലുമായിരുന്നു ഇയാളുടെ സംസാരം. “370 രൂപ ചിലവായിട്ടുണ്ട്, അത് ഞാൻ മുതലാക്കും” എന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം.
മാത്രമല്ല, പെൺകുട്ടിക്ക് താല്പര്യമില്ലാതിരുന്നിട്ടും ആവർത്തിച്ച് വിസമ്മതിച്ചിട്ടും അവളെ നിർബന്ധിച്ച് ഇരുട്ടുള്ള ഒരു പാർക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതായും ഇയാൾ കോമഡി ഷോയിൽ അഭിമാനത്തോടെ വിവരിച്ചു. ഈ സ്ത്രീവിരുദ്ധ പരാമർശം കേട്ട് കൊമേഡിയൻ പ്രണീത് മോറെ ചിരിക്കുകയും “ഗുർഗാവിലെ യുവാക്കളുടെ തനിനിറം ഇതാണ്” എന്ന് തമാശ രൂപേണ പറയുകയും ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
തുടർന്ന് വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ പ്രതിഷേധമാണ് യുവാവിനും കമ്പനിക്കുമെതിരെ ഉണ്ടായത്. ഇതോടെയാണ് കമ്പനി സ്ഥാപകൻ വിവേക് വിശ്വകർമ ഇൻസ്റ്റാഗ്രാമിലൂടെ ജീവനക്കാരനെ പുറത്താക്കിയ വിവരം അറിയിച്ചത്. ഹിമാൻഷുവിന്റെ പരാമർശങ്ങൾ അങ്ങേയറ്റം അപകീർത്തികരമാണെന്നും കമ്പനി ഇത്തരം നിലപാടുകളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫീസിൽ ഇയാൾക്കെതിരെ സ്ത്രീ ജീവനക്കാരിൽ നിന്നടക്കം യാതൊരുവിധ പരാതികളും ഉണ്ടായിരുന്നില്ലെങ്കിലും, വ്യക്തിപരമായ ജീവിതത്തിലെ മോശം പെരുമാറ്റം കമ്പനിയുടെ അന്തരീക്ഷത്തെയും ക്ലയന്റുകളെയും ബാധിച്ചതിനാലാണ് പിരിച്ചുവിടൽ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മതമില്ലാതെയുള്ള പുരുഷാധിപത്യ ചിന്താഗതികൾക്കെതിരെയും സ്ത്രീകളെ വെറുമൊരു വസ്തുവായി കാണുന്ന മനോഭാവത്തിനെതിരെയും വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.