15/06/2026
[fontresizer_tawhidurrahmandear_widget]

‘ലബനാൻ ഒറ്റയ്ക്കല്ല’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

 ‘ലബനാൻ ഒറ്റയ്ക്കല്ല’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

തെഹ്റാൻ: ഇസ്രയേലിന്റെ തുടർച്ചയായ സൈനിക ആക്രമണങ്ങൾക്ക് മുന്നിൽ ലബനാൻ ഒറ്റയ്ക്കല്ലെന്ന മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. മെഹർ വാർത്താ ഏജൻസിയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നിർണ്ണായക പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബനാന്റെ പരമാധികാരത്തെ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ ഇറാൻ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധത്തിന്റെ ഒരു പ്രധാന തൂണായ ലബനാനെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും, മേഖലയിലെ പ്രതിരോധ പോരാളികളുടെ കഠിനാധ്വാനവും ഇറാന്റെ നയതന്ത്ര പിന്തുണയും ലബനന് പൂർണമായും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇസ്രയേലിന്റെ യുദ്ധക്കൊതിയും ഭ്രാന്തൻ സൈനിക നീക്കങ്ങളും വൈകാതെ തന്നെ തകർന്നടിയുമെന്നും ഘാലിബാഫ് തന്റെ ഔദ്യോഗിക പ്രതികരണത്തിലൂടെ മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇറാനും തമ്മിൽ മിഡിലീസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നിലപാട് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇസ്രയേൽ ലബാനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഉൾപ്പെടെ ബോംബാക്രമണങ്ങൾ തുടരുകയാണ്.

ഇസ്രയേലിന്റെ ഈ നടപടി സമാധാന കരാറുകൾ നടപ്പിലാക്കുന്നതിൽ അമേരിക്കയ്ക്കുള്ള താല്പര്യക്കുറവിനെയോ അല്ലെങ്കിൽ ഇസ്രയേലിനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് സാധിക്കുന്നില്ല എന്നതിനെയോ ആണ് കാണിക്കുന്നതെന്ന് ഇറാൻ സ്പീക്കർ കുറ്റപ്പെടുത്തി. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയെ പൂർണമായി നശിപ്പിക്കാതെ സൈനിക നടപടികളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പുതിയ പ്രസ്താവന. മേഖലയിലെ സമാധാന ചർച്ചകളെ ഇസ്രയേലിന്റെ നിലപാട് അനിശ്ചിതത്വത്തിലാക്കുമ്പോൾ, ലബനാനൊപ്പം ഉറച്ചുനിൽക്കുമെന്ന ഇറാന്റെ പ്രഖ്യാപനം മിഡിലീസ്റ്റിൽ വീണ്ടുമൊരു യുദ്ധസാഹചര്യത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

Also read: