10/06/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു,ഒരു കാലും നഷ്ടപ്പെട്ടു; 3 ശസ്ത്രക്രിയകൾക്ക് വിധേയമായി40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്

 ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു,ഒരു കാലും നഷ്ടപ്പെട്ടു; 3 ശസ്ത്രക്രിയകൾക്ക് വിധേയമായി40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്

ഗസ്സ: ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. ഗസ്സയിലെ ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലാണ് 40 ദിവസം മാത്രമുള്ള മുഹമ്മദ് അൽ കാതിബിന്റെ ശസ്ത്രക്രിയ നടന്നത്. മെയ് 25ന് ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അമൽവാസി എന്ന സുരക്ഷിത മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. ആക്രമണം നടക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്ന മാതാവ് ഹനാൻ അബ്ദുൽ നാസർ(30) സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

കാൽ മുറിച്ചു മാറ്റപ്പെട്ട കുഞ്ഞിന് വിദഗ്ദ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോവണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞിന്റെ സുരക്ഷയുടെ കാര്യത്തിലും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. വേദനയാൽ കരയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗസ്സയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് കൈ കാലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യുണിസെഫിന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ മാത്രം ഇതുവരെ പതിനയ്യായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആകെ മരണസംഖ്യയുടെ വലിയൊരു ശതമാനവും കുട്ടികളാണ് എന്നത് അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഒരു ദിവസം ശരാശരി പത്തിലധികം കുട്ടികൾക്ക് എങ്കിലും ഗസ്സയിൽ കൈകാലുകൾ നഷ്ടപ്പെടുന്നുണ്ടെന്നാണ് ഫലസ്തീനിയൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയും അന്താരാഷ്ട്ര മെഡിക്കൽ സംഘടനയായ ‘മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സും’ വ്യക്തമാക്കുന്നത്. പലപ്പോഴും അനസ്‌തേഷ്യയോ മതിയായ മെഡിക്കൽ സൗകര്യങ്ങളോ ഇല്ലാതെയാണ് ആശുപത്രികളിൽ ഇവരുടെ ശസ്ത്രക്രിയകൾ നടത്തേണ്ടി വരുന്നത്.

തകർന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങളും ആവശ്യത്തിന് മരുന്നുകളുടെ ലഭ്യതക്കുറവും കാരണം പരിക്കേറ്റ പലരുടെയും അവസ്ഥ കൂടുതൽ വഷളാകുകയാണെന്നും, അതിജീവിച്ചവർക്ക് കൃത്രിമ അവയവങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും ദീർഘകാല മാനസിക-ശാരീരിക പുനരധിവാസത്തിനുമായി വലിയ തോതിലുള്ള അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also read: