ഇന്ത്യൻ നാവികരുടെ മരണം: മോദിയുമായുള്ള കൂടിക്കാഴ്ചയിലും ഖേദം പ്രകടിപ്പിക്കാതെ ട്രംപ്
പാരിസ്: ഗൾഫ് ഓഫ് ഒമാനിൽ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാട് നിരാശാജനകമെന്ന് റിപ്പോർട്ട്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും സംഭവത്തിൽ നേരിട്ടൊരു ഖേദം പ്രകടിപ്പിക്കാൻ ട്രംപ് തയ്യാറായില്ല. കഴിഞ്ഞ 16 മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച്‌ചയായിരുന്നു ഇത്.
ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ഖേദമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സമുദ്ര മേഖലയിലെ തൊഴിൽ വളരെ അപകടം പിടിച്ചതാണെന്ന തണുപ്പൻ പ്രതികരണമാണ് ട്രംപ് നൽകിയത്. ഇത്തരം സംഭവങ്ങൾ അവിടെ കാലാകാലങ്ങളായി നടക്കാറുണ്ടെന്നും, എങ്കിലും ഈ വിഷയത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്‌ചയിൽ ഈ വിഷയം ശക്തമായി ഉന്നയിച്ചു. ആഗോള സമുദ്ര വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യം ഒരുക്കേണ്ടത് ലോകരാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് മോദി വ്യക്തമാക്കി. അമേരിക്കയുടെയും ഇറാൻ്റെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ സാധാരണക്കാരായ വാണിജ്യ കപ്പൽ ജീവനക്കാർ ഇരകളാക്കപ്പെടാൻ പാടില്ലെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി യുഎസിനെ അറിയിച്ചു.
ഒമാൻ തീരത്ത് ‘എംടി സെറ്റബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന അമേരിക്കൻ ഉപരോധ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായത്. തന്ത്രപ്രധാന സഖ്യരാഷ്ട്രമെന്ന നിലയിൽ ഇന്ത്യക്കാരുടെ മരണത്തിൽ ഒരു പരസ്യ ഖേദപ്രകടനത്തിന് ട്രംപ് തയ്യാറാവാത്തത് നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തമായ ഉറപ്പുകൾ അമേരിക്കയിൽ നിന്ന് നേടിയെടുക്കാനാവും ഇന്ത്യയുടെ ശ്രമം.