‘ഈ മണ്ണ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്, ഇവിടെ ജൂത ക്ഷേത്രം വരും’; അൽ-അഖ്‌സയെ ബഹുമത കേന്ദ്രമാക്കാൻ ഇസ്രയേൽ സർക്കാർ നീക്കമെന്ന് റിപ്പോർട്ട്
ജറുസലേം: ഇസ്രയേലി ദേശീയവാദികൾ നിലവിലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര കരാറുകളും ലംഘിക്കുന്ന പശ്ചാത്തലത്തിൽ, ജറുസലേമിലെ ഏറ്റവും പവിത്രമായ അൽ-അഖ്‌സ പള്ളി വളപ്പിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. കഴിഞ്ഞ 1,400 വർഷമായി ഇസ്‌ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നായ ഇവിടെ, ‘സ്റ്റാറ്റസ് ക്വോ’ (തൽസ്ഥിതി) കരാറുകൾ പരസ്യമായി ലംഘിച്ചുകൊണ്ട് തീവ്ര വലതുപക്ഷ ഇസ്രയേലി രാഷ്ട്രീയക്കാരും ദേശീയവാദികളും പ്രാർത്ഥനകളും മതപരമായ ചടങ്ങുകളും നടത്തുന്നത് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിടുകയാണ്.
ഇസ്രയേൽ ദേശം മുഴുവൻ തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാണെന്നും ഇവിടെ പുതിയ ജൂത ക്ഷേത്രം നിർമിക്കുമെന്നുമാണ് വലതുപക്ഷ നേതാവായ മോഷെ ഫീഗ്ലിൻ വ്യക്തമാക്കുന്നത്. ഇരുപതോളം ജൂതമതവിശ്വാസികളുമായി അൽ-അഖ്‌സ കോമ്പൗണ്ടിൽ പ്രാർത്ഥനയും മതഗാനാലാപനവും നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസ്‌ലിങ്ങൾ ‘അൽ-ഹറാം അൽ-ഷെരീഫ്’ എന്നും ജൂതന്മാർ ‘ടെമ്പിൾ മൗണ്ട്’ എന്നും വിളിക്കുന്ന ഈ 35 ഏക്കർ പ്രദേശം ഇരുവിഭാഗത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ പ്രകാരം അൽ-അഖ്‌സയുടെ സംരക്ഷണം ജോർദാന്റെ കീഴിലുള്ള ഇസ്ലാമിക സ്ഥാപനമായ വഖഫിനാണ്. അമുസ്‌ലിംകൾക്ക് ഇവിടെ സന്ദർശനാനുമതി ഉണ്ടെങ്കിലും പ്രാർത്ഥന നടത്താൻ അനുവാദമില്ല. കൂടാതെ, ജൂത നിയമപ്രകാരം ഇവിടെ പ്രാർത്ഥിക്കുന്നത് ചീഫ് റബ്ബിനേറ്റും വിലക്കിയിട്ടുള്ളതാണ്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ഇപ്പോൾ കാറ്റിൽപ്പറത്തപ്പെടുകയാണ്.
അൽ-അഖ്‌സ കോമ്പൗണ്ടിനെ “ബഹുമത കേന്ദ്രം” ആയി പ്രഖ്യാപിക്കാൻ ഇസ്രയേൽ സർക്കാർ രൂപീകരിച്ച പുതിയ സംഘടന നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പള്ളിയുടെ ഭരണം ക്രമേണ ഇസ്രയേൽ ഏറ്റെടുക്കുമെന്നും സൂചനകളുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തൽസ്ഥിതിയിൽ മാറ്റമില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന്റെ നേതൃത്വത്തിൽ കോമ്പൗണ്ടിൽ ഇസ്രയേൽ പതാക ഉയർത്തുന്നതും പ്രാർത്ഥനകൾ നടത്തുന്നതും ആശങ്ക വർധിപ്പിക്കുന്നു.
ഈ നീക്കങ്ങൾക്കെതിരെ ജോർദാൻ, ഈജിപ്ത്, ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ എന്നിവർ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തൽസ്ഥിതിയിലെ ഏതൊരു ഔദ്യോഗിക മാറ്റവും പണ്ടോറയുടെ പെട്ടി തുറക്കുന്നത് പോലെയാകുമെന്നും അത് വലിയൊരു പ്രാദേശിക സംഘർഷത്തിന് കാരണമാകുമെന്നും ഇസ്ലാമിക് വഖഫ് കൗൺസിൽ ഡെപ്യൂട്ടി ഹെഡ് ഡോ. മുസ്തഫ അബു സ്വേ മുന്നറിയിപ്പ് നൽകുന്നു.
2000 സെപ്റ്റംബറിൽ വലതുപക്ഷ നേതാവ് ഏരിയൽ ഷാരോൺ നടത്തിയ സമാനമായ സന്ദർശനം 4,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ രണ്ടാം ഫലസ്തീൻ ഇൻതിഫാദയ്ക്കാണ് വഴിതുറന്നത്. ഇപ്പോഴത്തെ കടുത്ത സമ്മർദങ്ങളും സമാനമായ ഒരു വിനാശകരമായ അന്തരീക്ഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.