ഇസ്രയേൽ സേനയ്ക്ക് വേണ്ട അത്യാധുനിക റഡാറുകളുടെ നിർമാണം തമിഴ്‌നാട്ടിൽ; ഫാക്ടറി നിർമാണം ആരംഭിച്ചു
ന്യൂഡൽഹി: ഇന്ത്യ-ഇസ്രയേൽ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയൊരു നീക്കം. പ്രമുഖ ഇസ്രയേൽ കമ്പനി എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് തമിഴ്‌നാട്ടിൽ റഡാർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നു. കൃഷ്ണഗിരി ജില്ലയിലുള്ള ശൂലഗിരി ഇൻഡസ്ട്രിയൽ ഏരിയയിൽ ഭൂമിപൂജ ചടങ്ങോടെ ഫാക്ടറി നിർമാണം ആരംഭിച്ചു. 2027ഓടെ പ്ലാന്റ് പൂർണതോതിൽ സജ്ജമാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ പ്രതിരോധ കമ്പനിയായ ഡിസിഎക്‌സ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നുള്ള ‘എൽടിഎക്‌സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സംയുക്ത സംരംഭത്തിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ‘മേയ്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് പുതിയൊരു മുഖം നൽകുന്നതാണ് ഈ സംരംഭം.
പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യകളോടെ ഒരുങ്ങുന്ന ഈ പുതിയ ഫാക്ടറി വ്യോമസേനയ്ക്കും കരസേനയ്ക്കും ആവശ്യമായ അത്യാധുനിക എയർബോൺ , ഗ്രൗണ്ട് ബേസ്ഡ് റഡാർ സംവിധാനങ്ങളുടെ നിർമാണത്തിനും വികസനത്തിനുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഡാറുകളുടെ ഭാഗങ്ങൾ അസംബ്ലിങ് മാത്രമല്ല, ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിശോധനകളും ഇന്റഗ്രേഷനും ഈ ഫാക്ടറിയിൽ വെച്ച് തന്നെ നടത്താൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ സായുധ സേനകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ ഭാവിയിൽ ആഗോള വിപണിയിലേക്ക് ഇവിടുന്ന് റഡാറുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.
സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഉത്പാദന മേഖലയിൽ ഒരു വലിയ കുതിച്ചുചാട്ടത്തിന് ഈ സംയുക്ത സംരംഭം വഴിയൊരുക്കുമെന്നാണ് വിദഗ്ദർ നിരീക്ഷിക്കുന്നത്. തമിഴ്‌നാട് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ വികസനത്തിന് ഈ പ്ലാന്റ് വൻ കരുത്താകും. കൂടാതെ നിരവധി ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കാനും പ്രാദേശികമായി നൂറുകണക്കിന് തൊഴിലവസരങ്ങൾ കൊണ്ടുവരാനും ഇസ്രയേൽ കമ്പനിയുടെ ഈ വൻ നിക്ഷേപം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.