‘തീവ്രവാദികളില്ലാത്ത പാകിസ്താൻ; ദേശവിരുദ്ധ ചിത്രം’!; ‘മെയിൻ വാപസ് ആവുങ്കെ’ വിമർശനങ്ങളില്‍ പ്രതികരിച്ച് എ.ആർ റഹ്മാൻ
മുംബൈ: ഇംതിയാസ് അലി സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘മെയിൻ വാപസ് ആവുങ്കെ’യെ ‘ദേശവിരുദ്ധം’ എന്ന് വിശേഷിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങളെ ചിരിച്ചുതള്ളി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. പാകിസ്താനെക്കുറിച്ചുള്ള ചിത്രത്തിലെ അവതരണത്തെ ചൊല്ലി ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് പാകിസ്താനെ ചിത്രീകരിച്ച രീതിയെ ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയത്. തീവ്രവാദികളോ രഹസ്യാന്വേഷണ ഏജന്റുമാരോ ഇല്ലാത്ത പാകിസ്താനെ കാണിക്കാൻ ധൈര്യം കാണിച്ച ഈ ചിത്രം ‘ദേശവിരുദ്ധ’മാണോ എന്ന് പരിഹസിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് റഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
“പാകിസ്താനിൽ തീവ്രവാദികളോ ചാരന്മാരോ ഇല്ലാത്തതെങ്ങനെയെന്നോർത്ത് പ്രേക്ഷകർ ആശയക്കുഴപ്പത്തിലാണ്. കാരണം, മറ്റ് സിനിമകളിൽ പാകിസ്താനിൽ ഇത് മാത്രമേ കാണാറുള്ളൂ. പാകിസ്താനിലും സാധാരണ മനുഷ്യരുണ്ടാകാമെന്ന ഒരു പുതിയ കാഴ്ചപ്പാടാണ് ഈ ചിത്രം നൽകുന്നത്,” എന്നായിരുന്നു ആ പോസ്റ്റിലെ പരിഹാസരൂപേണയുള്ള കുറിപ്പ്. ഈ പോസ്റ്റിനൊപ്പം ഒരു ‘ചിരിക്കുന്ന ഇമോജി’ ചേർത്താണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ റഹ്മാൻ വിമർശകരോട് പ്രതികരിച്ചത്.
‘ഹൈവേ’, ‘റോക്ക്സ്റ്റാർ’, ‘തമാശ’, ‘അമർ സിംഗ് ചംകില’ എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ആർ. റഹ്മാനും ഇംതിയാസ് അലിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘മെയിൻ വാപസ് ആവുങ്കെ’. ജൂൺ 12 ന് പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തിൽ ദിൽജിത് ദോസഞ്ജ്, നസറുദ്ദീൻ ഷാ, വേദാംഗ് റെയ്‌ന, ശർവരി വാഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇന്ത്യയുടെ വിഭജനത്തെ പശ്ചാത്തലമാക്കിയുള്ള ഈ പ്രണയകഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇംതിയാസ് അലിയാണ്. ഗാനരചയിതാവ് ഇർഷാദ് കാമിലും റഹ്മാനുമൊത്ത് ഈ ചിത്രത്തിനായി വീണ്ടും ഒന്നിച്ചിട്ടുണ്ട്.
റഹ്മാന്റെ ഈ പ്രതികരണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ചൂടുപകർന്നിരിക്കുകയാണ്. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മുന്നേറുകയാണ്.