പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ അക്രമികളാണ് ഇയാൾക്ക് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുൽവാമ സ്വദേശിയായ ബുർഹാന്റെ യഥാർത്ഥ പേര് അർജുമന്ദ് ഗുൽസാർ ദാർ എന്നാണ്. ഭീകരസംഘടനകൾക്കിടയിൽ ‘ഡോക്ടർ’ എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഇയാളെ 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ നടുക്കിയ 2019 ഫെബ്രുവരി 14-ലെ പുൽവാമ ആക്രമണത്തിൽ 40-ലധികം സിആർപിഎഫ് ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപുരയ്ക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഭീകരർ ചാവേർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.