മുൻകൂർ നോട്ടീസില്ലാതെ ഇടിച്ചുനിരത്തൽ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 45 ദിവസത്തിനിടെ പൊളിച്ചുമാറ്റിയത് 23 മുസ്‌ലിം മത സ്ഥാപനങ്ങൾ
ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്‌ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ ഉൾപ്പെടെ മൊത്തം 23 മുസ്‌ലിം മത സ്ഥാപനങ്ങൾ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്തു. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക സംഘടനയായ ‘ജസ്റ്റിസ് ഫോർ ഓൾ’ ചൂണ്ടിക്കാട്ടുന്നു. മേയ് മുതൽ, ബി.ജെ.പി സർക്കാർ നേതൃത്വം നൽകുന്ന ആറ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 23 മുസ്‌ലിം മത ഘടനകളെങ്കിലും പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും സംഘടന വിശദീകരിക്കുന്നു. വാരാണസിയിലെ 1000 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മസ്‌ജിദ് ഗഞ്ച് ഷഹീദ അടക്കം പൊളിച്ചുമാറ്റൽ നടപടി നേരിടുകയാണ്.
ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് ഇത്രയും മതസ്ഥാപനങ്ങൾ ബുൾഡോസറിന് ഇരയായത്. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഈ ഇടിച്ചുനിരത്തൽ. പൊളിച്ചുമാറ്റൽ നടപടികൾക്കുമുമ്പ് മുൻകൂർ നോട്ടീസ് നൽകാൻ പോലും അധികൃതർ തയാറായിട്ടില്ല. മുസ്‌ലിം മത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും, അനുമതിയില്ലാതെ നിർമിച്ചതായി ആരോപണം നിലനിൽക്കുന്ന തൊട്ടടുത്തുള്ള ഹിന്ദു മതകേന്ദ്രങ്ങളെ സ്പർശിക്കാതെ വിട്ടെന്നും ‘ജസ്റ്റിസ് ഫോർ ഓൾ’ പറയുന്നു.