23/06/2026
[fontresizer_tawhidurrahmandear_widget]

മധ്യപ്രദേശിൽ ബിജെപിയെ വെട്ടിലാക്കി വൻ അഴിമതി; ഹൈവേ വരും മുൻപേ 168 ഏക്കർ വാങ്ങിക്കൂട്ടി മുഖ്യമന്ത്രിയുടെ കുടുംബം

 മധ്യപ്രദേശിൽ ബിജെപിയെ വെട്ടിലാക്കി വൻ അഴിമതി; ഹൈവേ വരും മുൻപേ 168 ഏക്കർ വാങ്ങിക്കൂട്ടി മുഖ്യമന്ത്രിയുടെ കുടുംബം

ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപിയെ പിടിച്ചുലച്ചുകൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ അതീവ ഗുരുതരമായ അഴിമതി, അവിഹിത സ്വത്ത് സമ്പാദന ആരോപണങ്ങൾ പുറത്ത്. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഒദ്യോഗികമായി ചുമതലയേറ്റ 2023 ഡിസംബർ മുതൽ രണ്ട് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ കുടുംബവും അവരുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിലും പരിസരത്തുമായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വൻ ഭൂശേഖരം വാങ്ങിക്കൂട്ടിയതായാണ് ദേശീയ മാധ്യമമായ ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

സർക്കാർ വികസന പദ്ധതികളും പുതിയ ഹൈവേകളും പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായി ആ പ്രദേശങ്ങളിലെ ഭൂമി മുഖ്യമന്ത്രിയുടെ കുടുംബം മുൻകൂട്ടി വാങ്ങിക്കൂട്ടി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പ്രധാന ആക്ഷേപം. ഇത് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യലും താത്പര്യ വൈരുദ്ധ്യവുമാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ബി.ജെ.പിയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാരിന് കീഴിൽ ‘കൊള്ളയുടെ എഞ്ചിനാണ്’ പൂർണ വേഗതയിൽ ഓടുന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു.

അന്വേഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

റവന്യൂ രേഖകളെ അടിസ്ഥാനമാക്കി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മോഹൻ യാദവ് മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉജ്ജയിനിൽ മാത്രം 137 പ്ലോട്ടുകളിലായി ഏകദേശം 168 ഏക്കർ ഭൂമിയാണ് സ്വന്തമാക്കിയത്. ഇതിനായി ഏകദേശം 45 കോടി രൂപയോളം ഇവർ ചെലവഴിച്ചതായി കണക്കാക്കപ്പെടുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, മകന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദ്ലാൽ, നാരായൺ യാദവ്, നാരായണിന്റെ ഭാര്യ രേഖ, ഇവരുടെ മകൻ അഭയ് യാദവ്, കൂടാതെ മുഖ്യമന്ത്രിയുടെ അമ്മാവന്റെ മക്കളായ ഗോവിന്ദ് യാദവ്, നിലേഷ് യാദവ് എന്നിവരുടെ പേരുകളിലാണ് ഈ ഭൂമികളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ നേരിട്ടോ അല്ലെങ്കിൽ കുടുംബവുമായി ബന്ധപ്പെട്ട നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ ആണ് ഇടപാടുകൾ നടത്തിയത്.

വികസന പദ്ധതികളും മാസ്റ്റർ പ്ലാനും മുൻകൂട്ടി അറിഞ്ഞുള്ള ‘കച്ചവടം’

ഈ ഭൂമിയിടപാടുകളിൽ ഏറ്റവും ദുരൂഹത ഉണർത്തുന്നത് വാങ്ങിയ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളാണ്. വാങ്ങിക്കൂട്ടിയ 168 ഏക്കർ ഭൂമിയിൽ 111 ഏക്കറോളം സ്ഥലവും മോഹൻ യാദവ് സർക്കാർ പുതുതായി പ്രഖ്യാപിച്ചതോ അല്ലെങ്കിൽ നവീകരിക്കാൻ തീരുമാനിച്ചതോ ആയ വൻകിട റോഡ്-ഹൈവേ പ്രോജക്ടുകൾക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഗാംഗേഡി, ഉൻഹേൽ, ജയ്വന്ത്പുര, ചന്ദേസര തുടങ്ങിയ പ്രധാന മേഖലകളിലാണു ഭൂമി കേന്ദ്രീകരിച്ചിരിക്കുന്നത്.

‘ഉജ്ജയിൻ മാസ്റ്റർ പ്ലാൻ 2035’ പ്രകാരം കാർഷിക ആവശ്യങ്ങൾക്കായി മാറ്റിവച്ചിരുന്ന ഭൂമികൾ റെസിഡൻഷ്യൽ (താമസസ്ഥലം), കൊമേഴ്സ്യൽ (വ്യാവസായിക) മേഖലകളാക്കി മാറ്റാൻ നിർദേശിച്ചിട്ടുള്ള എല്ലാ സോണുകളിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂമിയുള്ളതായി വ്യക്തമായിട്ടുണ്ട്. പാണ്ഡ്യാഖേഡിയിൽ മാത്രം പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് ഇവർ 18 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്.

പല സ്ഥലങ്ങളും വാങ്ങി മാസങ്ങൾക്കകം തന്നെ ഇൻഡോറിലെ പ്രമുഖ ബിൽഡർമാർക്ക് വലിയ തുകയ്ക്കുള്ള വരുമാന പങ്കാളിത്ത കരാറുകളോടെ വികസനത്തിനായി കൈമാറുകയും ‘സാവരിയ’ എന്ന ബ്രാൻഡിൽ വൻകിട ഹൗസിങ് പ്രോജക്ടുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അധികാരം കൊണ്ടുണ്ടായ വൻ വളർച്ച

മുഖ്യമന്ത്രി ആകുന്നതിന് മുൻപും മോഹൻ യാദവിന്റെ കുടുംബത്തിന് ഉജ്ജയിനിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ അധികാരം ലഭിച്ചതോടെ ഇതിന്റെ വേഗത അസാധാരണമാംവിധം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2021-ന് മുൻപ് എം.എൽ.എയായ സമയത്ത് ചെറിയ തോതിലുള്ള ബിസിനസ് ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 2021-2023 കാലയളവിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 85 ഏക്കർ ഭൂമി വാങ്ങിക്കൂട്ടി. മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശേഷം 2023 ഡിസംബർ-2025 കാലയളവിൽ 137 പ്ലോട്ടുകൾ (168 ഏക്കർ) 45 കോടിക്ക് സ്വന്തമാക്കി.

കുംഭമേളയുടെ സ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിനായി കർഷകരിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശികമായി വൻ കർഷക പ്രക്ഷോഭങ്ങൾ നടക്കുമ്പോഴാണ്, മറുവശത്ത് മുഖ്യമന്ത്രിയുടെ കുടുംബം ഇതേ പ്രദേശങ്ങളിൽ വൻതോതിൽ സ്വകാര്യ ഭൂമി വാങ്ങി കൂട്ടിയതെന്നത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.

‘മഹാകാൽ ഭൂമിയിലെ കൊള്ള’; ആഞ്ഞടിച്ച് പ്രതിപക്ഷം

ഭോപ്പാലിൽ അടിയന്തര വാർത്താസമ്മേളനം വിളിച്ചുചേർത്ത സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. പവിത്രമായ മഹാകാൽ ക്ഷേത്ര നഗരമായ ഉജ്ജയിനിൽ നടന്നത് ‘മഹാകാൽ ഭൂമിയിലെ കൊള്ള’യാണെന്ന് അവർ വിശേഷിപ്പിച്ചു.

‘നരേന്ദ്ര മോദി എപ്പോഴും വൃത്തിയുള്ളതും ധാർമികവുമായ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. സ്വന്തം മുഖ്യമന്ത്രി സംസ്ഥാനത്തെ വികസന പദ്ധതികൾ മുൻകൂട്ടി അറിഞ്ഞ് കുടുംബത്തിന് വേണ്ടി കോടികളുടെ ഭൂമി തട്ടിയെടുത്തിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു? മോഹൻ യാദവ് ഉടനടി രാജിവയ്ക്കണം. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി ഈ ഭൂമിയിടപാടുകളെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ജിതു പട്വാരി ആവശ്യപ്പെട്ടു.

വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തുവന്നു. മുഖ്യമന്ത്രി മോഹൻ യാദവിനെതിരെയുള്ള ഈ രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയത് ബി.ജെ.പിക്കുള്ളിലെ തന്നെ ഒരു വിഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോഹൻ യാദവിനെ മാറ്റി മുൻ മുഖ്യമന്ത്രിയും നിലവിലെ കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനെ അനുകൂലിക്കുന്ന വിഭാഗം നടത്തിയ നീക്കമാണിതെന്ന സൂചനയാണ് ജയറാം രമേശ് നൽകിയത്. അധികാരം നിലനിർത്താനും കൊള്ളമുതൽ പങ്കുവെക്കാനുമുള്ള ബി.ജെ.പിയുടെ ആഭ്യന്തര പോരാട്ടമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതികരണമില്ലാതെ മുഖ്യമന്ത്രി; ന്യായീകരണവുമായി കുടുംബം

അതേസമയം, ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ അയച്ച വിശദമായ ചോദ്യാവലിക്ക് മുഖ്യമന്ത്രി മോഹൻ യാദവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെയും മറുപടി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആരോപണങ്ങൾ നിഷേധിച്ചു.

തങ്ങൾ 2010 മുതൽ ഉജ്ജയിനിൽ നിയമപരമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവരാണെന്നും, ഒരു സ്വകാര്യ വ്യക്തി എന്ന നിലയിൽ ഇന്ത്യയിൽ എവിടെയും ഭൂമി വാങ്ങാനും വിൽക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്നും മോഹൻ യാദവിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മുഖ്യമന്ത്രി കുടുംബത്തിൽ നിന്നൊരാളായി എന്നതുകൊണ്ട് മാത്രം തങ്ങളുടെ പരമ്പരാഗത ബിസിനസ് പൂട്ടിപ്പോകേണ്ടതുണ്ടോ എന്നും അവർ ചോദ്യമുയർത്തി. എന്നാൽ, വികസന പദ്ധതികളുടെ പ്രഖ്യാപനവും ഭൂമി വാങ്ങലും ഒരേ സമയത്ത് നടന്നതിനെക്കുറിച്ചുള്ള കൃത്യമായ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താൻ കുടുംബം തയ്യാറായിട്ടില്ല.

Also read: