തീമഴ പോലെ വർഷിച്ച് ഇറാന്റെ ‘ജെല്ലിഫിഷ് ഡ്രോണുകൾ’; പ്രതിരോധം തകർന്ന് നിലംപതിച്ച് യുഎസ് യുദ്ധവിമാനങ്ങൾ-വെടിയേറ്റുവീഴും മുൻപ് പൈലറ്റ് കണ്ട കാഴ്ച | Iran war
വാഷിങ്ടൺ/തെഹ്റാൻ: ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്(Iran war). യുദ്ധത്തിനിടയിൽ ഇറാന്റെ വ്യോമാതിർത്തിയിൽ വെടിവച്ചിടപ്പെട്ട യുഎസ് വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനത്തിന്റെ പൈലറ്റ് നൽകിയ ഇന്റലിജൻസ് വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമമായ ‘സിഎൻഎൻ’ പുറത്തുവിട്ടിരിക്കുന്നത്. ആകാശത്ത് ഇറാന്റെ അസംഖ്യം ഡ്രോണുകൾ ഒന്നിച്ച് ചേർന്ന് ‘ജെല്ലിഫിഷ്’ മത്സ്യങ്ങളുടെ രൂപത്തിൽ പടയണി തീർത്താണ് തന്റെ അത്യാധുനിക യുദ്ധവിമാനത്തെ വളഞ്ഞുപിടിച്ച് വീഴ്ത്തിയതെന്ന് പൈലറ്റ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
‘റിയൽ ഏലിയൻ ശീറ്റ്’; പൈലറ്റിന്റെ വിവരണങ്ങൾ ഇങ്ങനെ
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന യുദ്ധത്തിലാണ് അമേരിക്കയുടെ അത്യാധുനിക എഫ്-15 യുദ്ധവിമാനം ഇറാൻ വെടിവച്ചിടുന്നത്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് ആകാശത്ത് കണ്ട ദൃശ്യങ്ങൾ പൈലറ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരിച്ചത് ഇങ്ങനെയാണ്:
”ആകാശത്ത് ഒരു വലിയ മൈൻഫീൽഡ് പോലെ നൂറുകണക്കിന് ഡ്രോണുകൾ നിരന്നുനിൽക്കുകയായിരുന്നു. അവയെല്ലാം കൃത്യമായ ഏകോപനത്തോടെ ഒന്നിച്ച് ചലിച്ചുകൊണ്ട് ആകാശത്ത് ഒരു ഭീമൻ ‘ജെല്ലിഫിഷ്’ രൂപം കൈക്കൊണ്ടു. വലിയ ഡ്രോണുകൾക്ക് താഴെയായി ചെറിയ ഡ്രോണുകൾ അതിന്റെ കാലുകൾ പോലെ തൂങ്ങിക്കിടക്കുകയായിരുന്നു. അവയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഒരൊറ്റ ശരീരം പോലെയാണ് നീങ്ങിയത്. ശരിക്കും അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ പോലെയാണ് എനിക്ക് തോന്നിയത്.”
ഈ അത്ഭുതകരമായ ഡ്രോൺ പടയണി രൂപീകരണമാണ് അമേരിക്കയുടെ എഫ്-15 വിമാനത്തിന്റെ റഡാറുകളെയും പ്രതിരോധ സംവിധാനങ്ങളെയും പൂർണമായി ജാം ചെയ്തുകൊണ്ട് അതിനെ തകർക്കാൻ ഇറാനെ സഹായിച്ചതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീമഴ വർഷിക്കും പോലെയുള്ള കാഴ്ചയായിരുന്നു ഇതെന്നും വിലയിരുത്തലുണ്ട്.
പെന്റഗണിനെ വിറപ്പിച്ച ‘വൺ-ടു-മെനി മെഷ്ഡ് നെറ്റ്വർക്കിങ്’
പൈലറ്റ് വിവരിച്ച ഈ വിചിത്ര സാങ്കേതികവിദ്യയെ സൈനിക ഭാഷയിൽ ‘വൺ-ടു-മെനി മെഷ്ഡ് നെറ്റ്വർക്കിങ്’ എന്നാണ് വിളിക്കുന്നത്. ഇതിലൂടെ ഒരൊറ്റ ഡ്രോൺ ഓപറേറ്റർക്ക് ഒരേസമയം നൂറുകണക്കിന് ഡ്രോണുകളെ പരസ്പരം ആശയവിനിമയം നടത്താൻ തക്കവണ്ണം കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. ആകാശത്ത് ഒരു ഡ്രോൺ തകർന്നാൽ പോലും ബാക്കിയുള്ള ഡ്രോണുകൾ ഒന്നിച്ച് ചേർന്ന് തങ്ങളുടെ മുൻകൂട്ടി നിശ്ചയിച്ച ഘടന നിലനിർത്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ആക്രമണം തുടരും.
ഇറാന് ഇത്തരമൊരു സൈനികശേഷിയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഇതുവരെ വിലയിരുത്തിയിരുന്നില്ല. എന്നാൽ, ഇതിന് പിന്നിൽ റഷ്യയുടെയും ചൈനയുടെയും കനത്ത പങ്കാളിത്തമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചൈനയും റഷ്യയും തങ്ങളുടെ പക്കലുള്ള ഈ അത്യാധുനിക മെഷ്ഡ് നെറ്റ്വർക്കിങ് സാങ്കേതികവിദ്യ ഇറാനെ ഡ്രോണുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി കൈമാറിയിട്ടുണ്ടെന്ന് രണ്ട് മുതിർന്ന ഇന്റലിജൻസ് വൃത്തങ്ങൾ സി.എൻ.എന്നിനോട് സ്ഥിരീകരിച്ചു.
ഇന്റലിജൻസ് വിഭാഗത്തിന്റെ സംശയങ്ങള്
പൈലറ്റ് നൽകിയ വിവരങ്ങൾ പൂർണമായി വിശ്വസിക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. കാരണം വിമാനം തകർന്നുവീണ ആഘാതത്തിൽ പൈലറ്റിന് തലച്ചോറിന് ചെറിയ പരിക്കേറ്റിരുന്നു. കൂടാതെ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കുവൈത്തിന്റെ സൗഹൃദ വ്യോമാക്രമണത്തിൽപെട്ടും ഇദ്ദേഹത്തിന്റെ വിമാനം മുൻപ് തകർന്നിട്ടുണ്ടായിരുന്നു. എന്നാൽ, ഈ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനായ വെപൺസ് സിസ്റ്റംസ് ഓഫീസറെ അമേരിക്കൻ കമാൻഡോകൾ അതീവ സാഹസികമായ ദൗത്യത്തിലൂടെ 36 മണിക്കൂറുകൾക്ക് ശേഷമാണ് ഇറാന്റെ മണ്ണിൽനിന്നു രക്ഷപ്പെടുത്തിയത്.
പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നത് അനുസരിച്ച്, സ്ഫോടകവസ്തുക്കൾ നിറച്ച നൂറുകണക്കിന് ഡ്രോണുകൾക്ക് ആകാശത്ത് കൃത്യമായ രൂപം നിലനിർത്താനും, ആദ്യത്തെ ആക്രമണത്തിൽ തകരാത്ത ലക്ഷ്യങ്ങളെ തകർക്കാൻ ബാക്കി ഡ്രോണുകളെ റിസർവ് ആയി സൂക്ഷിക്കാനും കഴിഞ്ഞാൽ അത് ലോകത്തെ ഏത് വമ്പൻ വ്യോമസേനയ്ക്കും കടുത്ത ഭീഷണിയാണ്. യുഎസും ഇറാനും തമ്മിൽ 14 ഇന സമാധാന കരാറുകൾ ഒപ്പുവച്ച ഈ സാഹചര്യത്തിലും, ഇറാന്റെ ഇനിയും പുറത്തുവരാത്ത അത്യാധുനിക ഡ്രോൺ ശേഷി പാശ്ചാത്യ രാജ്യങ്ങളെ വലിയ രീതിയിൽ അമ്പരപ്പിച്ചിരിക്കുകയാണ്.