22/07/2026
[fontresizer_tawhidurrahmandear_widget]

‘മോദിജിയിൽ എന്തോ ഒരു മാന്ത്രികതയുണ്ട്; 15 മാസം പ്രായമുള്ള കൊച്ചുമകൾ ​ഗണപതിയോടൊപ്പം മോദിയെയും ആരാധിക്കാറുണ്ട്, ദിവസവും ചിത്രത്തിന് മുന്നിൽ ലഡു നൽകും’; ബോളിവുഡ് നടൻ സുനിൽ ഷെട്ടി

 ‘മോദിജിയിൽ എന്തോ ഒരു മാന്ത്രികതയുണ്ട്; 15 മാസം പ്രായമുള്ള കൊച്ചുമകൾ ​ഗണപതിയോടൊപ്പം മോദിയെയും ആരാധിക്കാറുണ്ട്, ദിവസവും ചിത്രത്തിന് മുന്നിൽ ലഡു നൽകും’; ബോളിവുഡ് നടൻ സുനിൽ ഷെട്ടി

മുംബൈ: ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ പതിനഞ്ച് മാസം പ്രായമുള്ള കൊച്ചുമകൾ ഇവാറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധികയാണെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടൈംസ് നൗവിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടൻ സുനിൽ ഷെട്ടി തന്റെ കൊച്ചുമകൾക്ക് പ്രധാനമന്ത്രിയോടുള്ള ഈ പ്രത്യേക ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാ ദിവസവും രാവിലെ വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുന്നിൽ നിന്നും ഒരു ലഡു എടുത്ത് നരേന്ദ്ര മോദിയുടെ ഫോട്ടോയ്ക്ക് നൽകുന്നതാണ് ഇവാറയുടെ പ്രധാന ശീലമെന്ന് സുനിൽ ഷെട്ടി പറയുന്നു.

വീട്ടിലെ സായിബാബയുടെ പുസ്തകത്തിൽ പ്രധാനമന്ത്രിയുടെ ഒരു ചിത്രമുണ്ട്. എല്ലാ ദിവസവും രാവിലെ ഈ പുസ്തകം തുറന്ന് ഫോട്ടോ നോക്കി അവൾ ‘മോദി ജി’ എന്ന് വിളിക്കുകയും, അതിന് ശേഷം ലഡു എടുത്തുകൊണ്ടുവന്ന് ആ ഫോട്ടോയ്ക്ക് നൽകുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താനോ അവളുടെ മാതാപിതാക്കളോ അവളോട് ഇങ്ങനെ ചെയ്യാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും, അവൾ സ്വന്തമായി ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് ഒരു ആയയാണ് കുഞ്ഞിന് പ്രധാനമന്ത്രിയുടെ ചിത്രം കാണിച്ച് ‘മോദി ജി’ എന്ന് പറഞ്ഞുകൊടുത്തത്. അന്ന് മുതൽ അവൾ അദ്ദേഹത്തിന്റെ വലിയ ഫാനായി മാറി. കുഞ്ഞിന്റെ ഈ പ്രവർത്തി കാണുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എന്തോ ഒരു പ്രത്യേക മാന്ത്രികത ഉണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും, മറിച്ച് ഒരു മികച്ച നേതാവിനെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നേതാവ് തന്നെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം മാത്രമാണ്. രാജ്യത്തെ എത്രത്തോളം താൻ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം ഈ മനുഷ്യനെയും താൻ സ്നേഹിക്കുന്നുണ്ടെന്നും, താൻ എക്കാലവും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും സുനിൽ ഷെട്ടി അഭിമുഖത്തിൽ പറഞ്ഞു.

2025 മാർച്ച് 24-നാണ് കെ.എൽ രാഹുലിനും അതിയ ഷെട്ടിക്കും ഇവാറ ജനിക്കുന്നത്. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് ഇവാറ എന്ന പേരിന്റെ അർത്ഥം. കെ.എൽ രാഹുലിന്റെ ജന്മദിനത്തിലായിരുന്നു ഈ പേര് അവർ ലോകത്തെ അറിയിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം മുഖം വ്യക്തമാക്കാത്ത രീതിയിൽ വളരെ കുറച്ച് തവണ മാത്രമേ ഇവർ കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളൂ. തന്റെ മകൾ അതിയയുടെ ഒരു പകർപ്പാണ് കൊച്ചുമകളെന്നും, കുഞ്ഞിന്റെ വരവോടെ കുടുംബത്തിൽ വലിയ സന്തോഷമാണ് ഉണ്ടായതെന്നും സുനിൽ ഷെട്ടി നേരത്തെ പറഞ്ഞിരുന്നു. പുതിയ ചിത്രമായ വെൽക്കം ടു ദി ജംഗിളിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് സുനിൽ ഷെട്ടി ഇപ്പോൾ.

Also read: