‘തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നു, ഇപ്പോൾ ജനങ്ങൾ അതിനായി തിരയുന്നു!’; വിജയ് സർക്കാരിനെതിരെ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിൻ, വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജനം അതിനായി തിരയുകയാണെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ പരാമർശം.
‘തമിഴ്നാട്ടിൽ ഒരു കാലത്ത് കൃത്യമായൊരു ഭരണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ഭരണം എങ്ങോട്ട് പോയി എന്ന് ജനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാമർശിച്ച്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സഭയിൽ കാണാനില്ലെന്നും ഉദയനിധി സ്വന്തം ‘അപ്പനെ’ തിരയുകയാണെന്നും ജൂൺ 23-ന് നിയമസഭയിൽ നടത്തിയ സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ് പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉദയനിധിയുടെ വിമർശനം.
അധികാരത്തിലുള്ള ടി.വി.കെ സർക്കാർ ഡി.എം.കെയെ ലക്ഷ്യമിട്ട് നിരന്തരം റെയ്ഡുകളും അന്വേഷണങ്ങളും നടത്തുകയാണെന്നും, അതേസമയം അഴിമതിക്കാരെ സ്വന്തം പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കാർ ഈ ഭരണകക്ഷിയിൽ ചേരുന്നതോടെ അവർ ‘വിശുദ്ധന്മാരായി’ മാറുന്നതായും ഉദയനിധി പരിഹസിച്ചു.
നിലവിലെ ഭരണത്തിന് കീഴിൽ നിയമസഭയുടെ പ്രവർത്തനം ഒരു ‘സിനിമ ഷൂട്ടിംഗ് സ്പോട്ട് പോലെയായി മാറിയെന്ന് ഉദയനിധി കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഭരണത്തേക്കാൾ കൂടുതൽ താത്പര്യം നിയമസഭയിലെ ക്യാമറ ആംഗിളുകളും തന്റെ പൊസിഷനും പരിശോധിക്കുന്നതിലാണെന്നും അദ്ദേഹം വിമർശിച്ചു.
‘ഇത് നിയമസഭയാണോ, സിനിമ തിയേറ്ററാണോ, അതോ ഷൂട്ടിംഗ് സ്പോട്ടാണോ എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തഞ്ചാവൂർ ജില്ലയിലെ ഒരത്തനാട് പ്രദേശത്ത് നടന്ന മറ്റൊരു വിവാഹ ചടങ്ങിലും ഉദയനിധി സംസാരിച്ചു. നിലവിലെ ഭരണത്തിൽ സാധാരണ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ അലയുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ഡി.എം.കെ സർക്കാർ നടപ്പിലാക്കിയ ‘കലൈഞ്ജർ മഗളീർ ഉരിമൈ തൊകൈ’, ‘പുതുമൈ പെൺ’ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ ഇപ്പോഴും ജനങ്ങൾക്കിടയിൽ വളരെ ജനപ്രിയമാണെന്നും, ഈ പദ്ധതികൾ നിർത്തലാക്കാൻ കഴിയാത്തതുകൊണ്ട് നിലവിലെ സർക്കാർ പ്രതിസന്ധിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണകക്ഷിയുടെ ‘ജനവിരുദ്ധ പ്രവർത്തനങ്ങളെ’ ചെറുത്തുതോൽപ്പിക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്തു.