‘ഓസിന് പോവുകയും വേണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവനെ ഇരിക്കാൻ സമ്മതിക്കുകയുമില്ലേ’; കെഎസ്ആർടിസിയിലെ ദുരനുഭവം പങ്കുവെച്ച് തമിഴ് യുവാവ്
തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ് രംഗത്ത്. തമിഴ്‌നാട്ടിൽ യാത്രക്കാർക്ക് ലഭിക്കുന്ന മര്യാദയോ പരിഗണനയോ കേരളത്തിൽ തനിക്ക് ലഭിച്ചില്ലെന്ന് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു.
ബസ് യാത്രയ്ക്കിടെ ഒരു കുപ്പി വെള്ളം വാങ്ങാനായി പുറത്തിറങ്ങി തിരികെ കയറിയപ്പോഴേക്കും തന്റെ സീറ്റിൽ മറ്റൊരു കുടുംബം വന്നിരുന്നതായി യുവാവ് വ്യക്തമാക്കുന്നു. എന്നാൽ സീറ്റ് തിരികെ ചോദിച്ചപ്പോൾ നൽകാൻ അവർ തയ്യാറായില്ല. ഇത് തന്റെ സീറ്റാണെന്ന് പറഞ്ഞിട്ടും കൂടെയുണ്ടായിരുന്ന കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, വളരെ മോശമായാണ് പ്രതികരിച്ചതെന്നും യുവാവ് ആരോപിക്കുന്നു. താൻ ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്ന് യുവാവ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും, ഇത് ബുക്ക് ചെയ്ത സീറ്റല്ലല്ലോ എന്നായിരുന്നു ചുറ്റും നിന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരുടെ ചോദ്യം.
വീഡിയോ പുറത്തുവന്നതോടെ കെഎസ്ആർടിസിക്കെതിരെയും യാത്രക്കാരുടെ പെരുമാറ്റത്തിനെതിരെയും മലയാളികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഓസിന് (സൗജന്യമായി) പോവുകയും വേണം, കാശ് കൊടുത്തു ടിക്കറ്റെടുക്കുന്നവനെ ഇരിക്കാൻ സമ്മതിക്കുകയുമില്ലേ’ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. സൗജന്യ യാത്ര ആസ്വദിക്കുന്നവർ നിന്ന് യാത്ര ചെയ്യണമെന്നും കാശ് കൊടുത്തു പോകുന്നവരെ ഇരിക്കാൻ അനുവദിക്കണമെന്നും പ്രിയദർശിനി ബസ് യാത്രയെ ഉൾപ്പെടെ വിമർശിച്ചുകൊണ്ട് ആളുകൾ പ്രതികരിക്കുന്നുണ്ട്. അതേസമയം, കേരളത്തിൽ വെച്ചുണ്ടായ മോശം അനുഭവത്തിൽ തമിഴ് യുവാവിനോട് ക്ഷമ ചോദിച്ചും നിരവധി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്.