21/07/2026
[fontresizer_tawhidurrahmandear_widget]

‘നാരായണന്റെ അവസ്ഥ കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും മൃതദേഹം സംസ്‌കരിക്കാൻസ്വാമിയെ വിളിപ്പിച്ചതുമെല്ലാം ഞങ്ങൾ തന്നെയാണ്’;സംഘ്പരിവാർ പ്രചാരണം തള്ളി ഇർഫാന ഇഖ്ബാൽ

 ‘നാരായണന്റെ അവസ്ഥ കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും മൃതദേഹം സംസ്‌കരിക്കാൻസ്വാമിയെ വിളിപ്പിച്ചതുമെല്ലാം ഞങ്ങൾ തന്നെയാണ്’;സംഘ്പരിവാർ പ്രചാരണം തള്ളി ഇർഫാന ഇഖ്ബാൽ

കാസർകോട്: മഞ്ചേശ്വരത്ത് ക്യാൻസർ ബാധിതനായി മരിച്ച മുൻ ആർഎസ്എസ് പ്രവർത്തകന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സംഘപരിവാർ വ്യാജപ്രചാരണം നടത്തുകയാണെന്ന് വ്യക്തമാക്കി കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാൽ. നാരായണന്റെ അവസ്ഥ കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും മൃതദേഹം സംസ്‌കരിക്കാൻ സ്വാമിയെ വിളിപ്പിച്ചതുമെല്ലാം തങ്ങൾ തന്നെയാണെന്ന് ഇർഫാന ആവർത്തിച്ചു. വായിൽ ക്യാൻസർ ബാധിച്ച് ഉറ്റവരും ബന്ധുക്കളും ഉപേക്ഷിച്ച നാരായണന്റെ ചിതയ്ക്ക് ഇർഫാന തീ കൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് അവർ രംഗത്തെത്തിയത്. സേവാഭാരതിയാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയതെന്ന അവകാശവാദം പൂർണ്ണമായും തെറ്റാണെന്നും താൻ സ്ഥാപിച്ച ശൈഖ് സാഇദ് ഫൗണ്ടേഷൻ (ട്രസ്റ്റ്) ആണ് നാരായണന്റെ ചികിത്സയും സംസ്‌കാരവും പൂർണ്ണമായി ഏറ്റെടുത്തതെന്നും ഇർഫാന പറഞ്ഞു.

ഉപ്പളയിലെ കടവരാന്തയിൽ കടുത്ത രോഗാവസ്ഥയിൽ കിടന്നിരുന്ന നാരായണനെ ഒരു മാസം മുൻപ് ഫൗണ്ടേഷൻ പ്രവർത്തകരാണ് പരിചരിച്ച് ആദ്യം പരിയാരത്തും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടപ്പോൾ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിക്കുകയും, തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ എഴുതിനൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇർഫാന മൃതദേഹം ഏറ്റുവാങ്ങുകയുമായിരുന്നു. മരണപ്പെടുന്ന ആളുകളെ അവരുടെ മതവിശ്വാസപ്രകാരമാണ് ട്രസ്റ്റ് സംസ്‌കരിക്കാറുള്ളത്.

നാരായണന്റെ സംസ്‌കാരത്തിനായി ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടയൂർ സ്വാമിയെ തങ്ങൾ തന്നെയാണ് ബന്ധപ്പെട്ടതെന്നും അവർ വ്യക്തമാക്കി. ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിൽ നടന്ന ചടങ്ങിൽ ശ്മശാന കമ്മിറ്റി അംഗം എന്ന നിലയിലാണ് രഘു എന്നയാൾ പങ്കെടുത്തതെന്നും, അതിനെയാണ് സേവാഭാരതി ചടങ്ങ് നടത്തി എന്ന രീതിയിൽ സംഘ്പരിവാർ അനുകൂലികൾ തെറ്റായി പ്രചരിപ്പിക്കുന്നതെന്നും ഇർഫാന മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതിമത വ്യത്യാസമില്ലാതെ അൻപതോളം അഗതികളെ സംരക്ഷിക്കുന്ന തങ്ങളുടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി വേറെ രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ഇർഫാന ഇഖ്ബാൽ കൂട്ടിച്ചേർത്തു.

Also read: