എന്റെ പേര് ഖാലിദ് ആയിരുന്നെങ്കിൽ, ഞാനൊരു മുസ്‌ലിം ആയിരുന്നെങ്കിൽ എപ്പോഴോ ജയിലിലായേനെ-അഭിജീത് ദിപ്‌കെ
ന്യൂഡൽഹി: മതപരമായ സ്വത്വവും പേരും നോക്കിയാണ് അധികാരികൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. തന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിലോ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിമായിരുന്നെങ്കിലോ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ യൂട്യൂബർ ‘അൺഫിൽട്ടേർഡ് ബൈ സമദിഷിന്’ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽനിനിന്നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിപ്‌കെയുടെ പ്രതികരണം.
അഭിമുഖത്തിൽ സമദിഷ് ഭട്ടാചാര്യയുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദിപ്‌കെ തുറന്നു പറഞ്ഞത്. ”എന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിൽ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിം ആയിരുന്നെങ്കിൽ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെ. അതേക്കുറിച്ച് പൂർണമായ ബോധ്യം എനിക്കുണ്ട്. ഇത് പരസ്യമായി പറയുന്നതിൽ എനിക്ക് യാതൊരുവിധ മടിയുമില്ല. എന്തെന്നാൽ ഇതാണ് ഇന്നത്തെ കൺമുന്നിലുള്ള സത്യം.”-അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുന്ന സാധാരണക്കാരനായൊരു മുസ്‌ലിം യുവാവിനെ ഡൽഹി പോലീസ് വേട്ടയാടുന്ന സംഭവം ഉദാഹരണമായി അഭിജീത് ദിപ്‌കെ ഉന്നയിച്ചു. ”അസ്ലം എന്നൊരാൾ സമരപ്പന്തലിൽ കുടിവെള്ള കുപ്പികൾ എത്തിച്ചു നൽകിയിരുന്നു. പോലീസ് അയാളോട് തിരിച്ചറിയൽ രേഖയായി ഔദ്യോഗിക ഐഡി കാർഡ് ആവശ്യപ്പെടുകയും മേൽവിലാസം കുറിച്ചെടുക്കുകയും ചെയ്തു. തുടർന്ന് അന്ന് രാത്രി 9 മണിയോടെ ആറ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണ് അസ്ലമിന്റെ വീട്ടിൽ കയറി ചെന്നത്. നീ ഏത് പാർട്ടിക്കാരനാണ്, എന്തിനാണ് സമരക്കാർക്ക് വെള്ളം കൊടുക്കുന്നത് എന്നൊക്കെ ചോദിച്ചായിരുന്നു ഭീഷണി.”-ദിപ്‌കെ വെളിപ്പെടുത്തി.
അസ്ലമിനെ കൂടാതെ സമരവുമായി സഹകരിച്ച മറ്റൊരു വ്യക്തിയുടെ ഭാര്യവീട്ടിൽ വരെ പോലീസ് അന്വേഷിച്ചു ചെന്നതായും ദിപ്‌കെ പറഞ്ഞു. നിലവിൽ തന്നെ അറസ്റ്റ് ചെയ്താൽ സമരം കൂടുതൽ ശക്തമാകുമെന്ന് ഭയന്നാണ് സർക്കാർ നേരിട്ട് ബലം പ്രയോഗിക്കാത്തതെന്നും, പകരം വെള്ളവും വെളിച്ചവും വാഷ്‌റൂമിലെ കണക്ഷനും കട്ട് ചെയ്ത് പരോക്ഷമായാണ് ബുദ്ധിമുട്ടിക്കുന്നതെന്നും ദിപ്‌കെ അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്.
തങ്ങളുടെ സമരത്തെ ഭരണകൂടത്തിന് അത്രയെളുപ്പം അപകീർത്തിപ്പെടുത്താൻ കഴിയാത്തത് ബാബാസാഹേബ് അംബേദ്കറുടെ ചിത്രം ഉയർത്തിപ്പിടിച്ചതുകൊണ്ടാണെന്നും ദിപ്‌കെ ചൂണ്ടിക്കാട്ടി. തങ്ങളുടെ സന്ദേശം സമാധാനപരവും ഭരണഘടനാ കേന്ദ്രീകൃതവുമായി നിലനിർത്താൻ താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.