‘ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര’: വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ
കൊച്ചി: കൊച്ചിയിൽ ക്രിമിനൽ കേസ് പ്രതികൾ പങ്കെടുത്ത യോഗത്തിൽ കെ. സുധാകരൻ എംപി എത്തിയ സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കൊച്ചിയിലുണ്ടായിരുന്ന സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കാണുകയായിരുന്നുവെന്ന് സംഘാടകനായ സുഹൈൽ ഷാജഹാൻ വ്യക്തമാക്കി. 20 പേർ കാണാനാണ് അനുവാദം ചോദിച്ചതെങ്കിലും നൂറോളം പേർ യോഗത്തിനെത്തുകയായിരുന്നു.
ലഹരിക്കെതിരെയുള്ള ‘ഓപറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണമെന്നും സുഹൈൽ പറഞ്ഞു. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു. കള്ളത്തോക്ക് കേസ്, എകെജി സെന്റർ ആക്രമണ കേസ്, വിസ തട്ടിപ്പ് കേസ് എന്നിവയിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.