‘ബഹുമാനപ്പെട്ട ഠീം റോം, കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുത്’; ടിനി ടോമിനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ, നടനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്ത്. ടിനി ടോമിന്റെ പേര് നേരിട്ട് പറയാതെ ‘ഠീം റോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ചത്. കോടതിയിൽ ചെന്നിട്ട് മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുതെന്നാണ് നിഷാദ് പരിഹാസരൂപേണ നൽകുന്ന ഉപദേശം.
കോടതി നിർദേശവുമായി ബന്ധപ്പെട്ട വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ച സാഹചര്യത്തിൽ ഒരു ഉപദേശം നൽകുകയാണെന്നും, കോട്ടും കുപ്പായവും കറുപ്പുമൊക്കെ കാണുമ്പോൾ ഉള്ളിൽ അനുകരണത്വരയുണരുമെങ്കിലും അത് ആപത്താണെന്നും നിഷാദ് കുറിച്ചു. കോടതിയലക്ഷ്യം മാത്രമല്ല, കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ നിഷാദ്, മൂന്ന് പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
ടിനി ടോം തനിക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിയെന്ന് കാണിച്ച് അൻസിബ ഹസൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇതേത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചാണ് ടിനിക്കെതിരെ കേസെടുക്കാൻ കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ‘പകൽ’, ‘ആയുധം’, ‘വൈരം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് എം.എ നിഷാദ്. ‘ലർക്ക്’ ആണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.