04/09/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഒരിക്കലും കമ്പനിയുടെ സിഇഒ ആവാൻ കഴിയുമായിരുന്നില്ല’; പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി

 ‘ഞാൻ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഒരിക്കലും കമ്പനിയുടെ സിഇഒ ആവാൻ കഴിയുമായിരുന്നില്ല’; പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി

വാഷിങ്ടൺ: ഞാൻ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഒരിക്കലും കമ്പനിയുടെ സിഇഒ ആവാൻ കഴിയുമായിരുന്നില്ലെന്ന് എന്ന് ഇന്ത്യൻ വംശജയായ പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഹൂവർ ഇൻസ്റ്റിറ്റിയൂഷനിൽ മുൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായി നടത്തിയ അഭിമുഖത്തിലാണ് ഇന്ദ്ര നൂയി തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. പ്രതിഭകളെയും യോഗ്യതകളെയും മാത്രം മാനിക്കുന്ന ഭരണസംവിധാനമാണ് അമേരിക്കയിലുള്ളതെന്നും, ആ സാഹചര്യമാണ് തനിക്ക് ലോകത്തിലെ ഏറ്റവും വലിയൊരു കമ്പനിയുടെ തലപ്പത്ത് എത്താൻ വഴിയൊരുക്കിയതെന്നും അവർ വ്യക്തമാക്കി. ലിംഗഭേദമോ വംശീയതയോ നോക്കാതെ മികച്ച ബുദ്ധിയുള്ളവരെ കണ്ടെത്തി മുകളിലേക്ക് കൊണ്ടുവരാൻ അമേരിക്കൻ സിസ്റ്റത്തിന് കഴിയുന്നുണ്ട്. താൻ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ആയിരുന്നെങ്കിൽ ഇത്തരമൊരു കരിയർ വളർച്ച തനിക്ക് അസാധ്യമായിരുന്നുവെന്നും ഇന്ദ്ര നൂയി അഭിപ്രായപ്പെട്ടു.

ചൈനയെയും ഇന്ത്യയെയും താരതമ്യം ചെയ്ത അവർ ചൈനയിൽ കാര്യങ്ങൾ കൂടുതൽ വ്യവസ്ഥാപിതവും കൃത്യതയുള്ളതുമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ഭംഗിയും അവിടുത്തെ ‘ബഹളങ്ങളിലും കൃത്യതയില്ലായ്മയിലുമാണെന്ന് ഇന്ദ്ര നൂയി പറഞ്ഞു. ഇവിടുത്തെ ജനങ്ങൾ അതിനോട് പൂർണമായും പൊരുത്തപ്പെട്ടു ജീവിക്കാൻ ശീലിച്ചവരാണെന്ന് റോഡിലെ കന്നുകാലികളെയും ഗതാഗതക്കുരുക്കിനെയും ഉദാഹരിച്ച് അവർ പറഞ്ഞു.

ചൈന തങ്ങളുടെ കേന്ദ്രീകൃതമായ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം കൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കി വലിയൊരു സാമ്പത്തികആഗോള ശക്തിയായി വേഗത്തിൽ മാറിയപ്പോൾ, ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിനാലാണ് വികസന പ്രക്രിയകളും തീരുമാനങ്ങളും പതുക്കെയാകുന്നത്. എങ്കിലും ഇന്ത്യ ഒരു സമ്പൂർണ്ണ ജനാധിപത്യ രാജ്യമായി തുടരുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും, കോടതികളും ശക്തമായ നിയമസംവിധാനങ്ങളും ഇന്ത്യൻ ജനങ്ങൾക്ക് വലിയ സുരക്ഷിതത്വം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ചൈനയുമായുള്ള ആഗോള മത്സരത്തിൽ ഇന്ത്യയും അമേരിക്കയും സ്വാഭാവികമായി ഒന്നിച്ച് നിൽക്കേണ്ട മികച്ച പങ്കാളികളാണെന്നും, ഇന്ത്യയിലെ യുവതലമുറ ലോക സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്താൻ ശേഷിയുള്ളവരാണെന്നും ഇന്ദ്ര നൂയി കൂട്ടിച്ചേർത്തു. ഇന്ദ്ര നൂയിയുടെ ഈ പ്രസ്താവനകൾ ഇപ്പോൾ ആഗോളതലത്തിൽ തന്നെ വലിയ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

Also read: