22/07/2026
[fontresizer_tawhidurrahmandear_widget]

പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; ഛത്രപതി ശിവാജിയുടെയും ഭഗത് സിംഗിന്റെയും പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് ഡൽ​ഹി പോലീസ്; പ്രതിഷേധം ശക്തമാക്കി സി.ജെ.പി

 പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; ഛത്രപതി ശിവാജിയുടെയും ഭഗത് സിംഗിന്റെയും പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് ഡൽ​ഹി പോലീസ്; പ്രതിഷേധം ശക്തമാക്കി സി.ജെ.പി

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്ത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടതായും, ഇന്ത്യയുടെ ചരിത്ര നായകന്മാരായ ഛത്രപതി ശിവാജി മഹാരാജിനെയും ഭഗത് സിംഗിനെയും കുറിച്ചുള്ള പുസ്തകങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞ് അപമാനിച്ചതായും ദീപ്കെ ആരോപിച്ചു.

ജന്തർമന്തറിൽ വിദ്യാർത്ഥികൾ സജ്ജീകരിച്ച താൽക്കാലിക ലൈബ്രറിയിൽ പോലീസ് നടത്തിയ നടപടിക്കിടെയാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സി.പി അജയ് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് ഉത്തരവാദികളെന്നും, ചരിത്രപുരുഷന്മാരെ അപമാനിച്ച എ.സി.പിയെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ദീപ്കെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ശക്തമായി ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പോലീസ് ശാരീരികമായി മർദ്ദിച്ചുവെന്നും, മഹാരഥന്മാരുടെ ആശയങ്ങളെയും പുസ്തകങ്ങളെയും ഭയക്കുന്നവരാണ് ഇത്തരം പ്രവർത്തികൾക്ക് മുതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പി നടത്തുന്ന പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി ടി.എം.സി എം.പി സാഗരിക ഘോഷ്, യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, സി.പി.ഐ (എം) നേതാക്കളായ എം.എ ബേബി, ബൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുകയാണെന്നും ദീപ്കെ മുന്നറിയിപ്പ് നൽകി. അഞ്ച് ദിവസമായി ഭക്ഷണം കഴിക്കാത്ത അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 ആയി കുറയുകയും രക്തസമ്മർദ്ദം അപകടകരമാംവിധം താഴുകയും ചെയ്തിട്ടുണ്ട്. സോനം വാങ്‌ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടാനായി “ചായ് പേ ചർച്ച വിത്ത് കോക്രോച്ചസ്” എന്ന പേരിൽ പുതിയൊരു പരിപാടിക്കും ദീപ്കെ തുടക്കം കുറിച്ചു. നീറ്റ് വിവാദം ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾ ഉന്നയിച്ച് ജൂൺ 20-ന് ആരംഭിച്ച ഈ സമരം, വോട്ടർപട്ടികയുടെ പ്രത്യേക പുതുക്കൽ (എസ്.ഐ.ആർ) പോലെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ ശക്തമാക്കാനാണ് സി.ജെ.പിയുടെ തീരുമാനം. വിഷയത്തിൽ ഡൽഹി പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Also read: