22/07/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനിലെ ജനക്കൂട്ടം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല, അവർക്ക് ഖാംനഇയോട് വെറുപ്പാണെന്നാണ് കരുതിയത്’; വിലാപയാത്ര ദൃശ്യങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തി ട്രംപ്

 ‘ഇറാനിലെ ജനക്കൂട്ടം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല, അവർക്ക് ഖാംനഇയോട് വെറുപ്പാണെന്നാണ് കരുതിയത്’; വിലാപയാത്ര ദൃശ്യങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപയാത്രയിലെ അഭൂതപൂർവമായ ജനക്കൂട്ടം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ജനങ്ങൾക്ക് ഖമനഇയോട് വെറുപ്പാണെന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിലെ ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്‌കിൽ ഖാംനഇയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് വികാരാധീനരായി ഒഴുകിയെത്തിയത്. ഖാംനഇയുടെ കറുത്ത തലപ്പാവ് വെച്ച പെട്ടിക്കു മുന്നിൽ നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ജനങ്ങൾ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ‘പ്രതികാരം’ ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. ‘അമേരിക്കയ്ക്ക് നാശം’, ‘ഇസ്രയേലിന് നാശം’ എന്നീ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കിയിരുന്നു. വിലാപയാത്ര നടന്ന ജൂലൈ 4 അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായിരുന്നു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടന്നിരുന്ന ചർച്ചകൾ വിലാപയാത്ര കഴിയുന്നത് വരെ നിർത്തിവെച്ചിരിക്കുകയാണ്. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. ഖാംനഇയുടെ ഭൗതികദേഹം ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിൽ കൊണ്ടുപോയ ശേഷം വ്യാഴാഴ്ച്‌ച അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തിൽ സംസ്‌കരിക്കും.

അതേസമയം, സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിൽ നടന്ന ഒരു പ്രസംഗത്തിനിടെ ട്രംപ് ഇറാനെതിരെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി. “ഞങ്ങൾ ഇറാനെ പാഠം പഠിപ്പിച്ചു, അവർ അത്രത്തോളം ഒത്തുതീർപ്പിനായി ആഗ്രഹിക്കുന്നു” എന്ന് അവകാശപ്പെട്ട ട്രംപ്, വിലാപയാത്രയ്ക്കായി അവർക്ക് ഒരു ആഴ്‌ചത്തെ ഒഴിവ് നൽകിയിട്ടുണ്ടെന്നും പരിഹാസരൂപേണ പറഞ്ഞു.

Also read: