‘അമേരിക്ക മാത്രമല്ല, ഇന്ത്യയിൽ ഇസ്രയേലിന് അതി ശക്തമായ പിന്തുണ ലഭിക്കുന്നു’; ബെഞ്ചമിൻ നെതന്യാഹു
തെൽഅവീവ്: ഇസ്രയേലിന് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് അതിശക്തമായ പിന്തുണയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക സുഹൃത്ത് എന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് നെതന്യാഹു ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാൻസുമായി തനിക്ക് വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെങ്കിലും അദ്ദേഹത്തിന്റെ എല്ലാ വിലയിരുത്തലുകളോടും യോജിക്കാൻ കഴിയില്ലെന്ന് നെതന്യാഹു പറഞ്ഞു. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന് ഇസ്രായേലിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ത്യൻ ജനതയിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക തന്നെയാണ് ഇസ്രയേലിന്റെ അടുത്ത സുഹൃത്ത് എന്ന വസ്തുത സമ്മതിക്കുമ്പോൾ തന്നെ, ലോകമെമ്പാടും തങ്ങൾക്ക് മറ്റ് നിരവധി സുഹൃത്തുക്കളുണ്ടെന്ന് നെതന്യാഹു ഓർമ്മിപ്പിച്ചു. സൈബർ സാങ്കേതിക വിദ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇസ്രയേലിനെ പ്രതിരോധസാങ്കേതിക മേഖലകളിലെ സഹകരണത്തിനായി പല വിദേശ രാജ്യങ്ങളും ഇപ്പോഴും സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിലീസ്റ്റിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നെതന്യാഹു അഭിമുഖത്തിൽ സംസാരിച്ചു.
ഹിസ്ബുല്ലയുടെ ഭീഷണിയിൽ നിന്ന് സംരക്ഷണം തേടി ലബനനിലെ ചില ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിസ്ത്യാനികൾക്ക് പുറമെ ലബനനിലെ ദ്രൂസ് വിഭാഗക്കാരും വലിയൊരു വിഭാഗം സുന്നി,ഷിയാ മുസ്‌ലിംകളും ഹിസ്ബുല്ലയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാർ വഴി മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ തനിക്കും ട്രംപിനും കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുവാക്കൾക്കിടയിൽ ഇസ്രയേലിനോടുള്ള പിന്തുണ കുറയുന്നതിന് പിന്നിൽ മൂന്ന് വിദേശ രാജ്യങ്ങൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ ബോട്ട് ഫാമുകളാണെന്ന് ആരോപിച്ച നെതന്യാഹു, തങ്ങളുടെ സഖ്യം പൊതുവായ മൂല്യങ്ങളിൽ അധിഷ്ഠിതമായതിനാൽ അമേരിക്കയുമായുള്ള ബന്ധം തകരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. താൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നെതന്യാഹു ആവർത്തിച്ചു.