‘എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്…’; കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം
ഇടുക്കി: സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ വേറിട്ട പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിൻ്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് ടയറിന് മുൻപിൽ കിടന്നു പ്രതിഷേധിച്ചത്.
കോട്ടയത്ത് നിന്നും വാഗമൺ-ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസ്, കുട്ടിമാളു ബസിൻ്റെ സമയത്ത് എത്തിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് വഴിയിൽ വെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ രാജേഷ്, സമയം തെറ്റിച്ച് ഓടുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മോശമായ ഭാഷയിൽ സംസാരിച്ച ഇയാൾ, ബസിൻ്റെ മുൻചക്രത്തിന് മുന്നിലേക്ക് കയറിക്കിടക്കുകയായിരുന്നു. തന്റെ നെഞ്ചത്തോട്ട് ബസ് എടുക്കാനും ഇയാൾ പ്രതിഷേധസ്വരത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. സ്വകാര്യബസിൻ്റെ സമയത്ത് കെഎസ്ആർടിസി ഓടിയത് ശരിയായില്ലെന്നും, സ്വന്തം ജീവിതമാർഗം മുട്ടിയപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണിതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.