22/07/2026
[fontresizer_tawhidurrahmandear_widget]

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 ‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന സൈബർ അക്രമങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. അടുത്തിടെ തനിക്കുണ്ടായ ഒരു മോശം അനുഭവം ചൂണ്ടിക്കാണിച്ചാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സർക്കാർ കടുത്ത നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി മന്ത്രി വ്യക്തമാക്കിയത്.

കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുത്തപ്പോൾ, ഒരു ഓൺലൈൻ ചാനലിന്റെ ക്യാമറ തന്റെ മുഖം പൂർണമായും ഒഴിവാക്കി ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എടുത്ത ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പ്രചരിപ്പിക്കുകയും ചെയ്തു. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ സ്ഥിരമായി ഇത്തരം ക്യാമറാ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങൾ നിർമ്മിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ ചാനലുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. “ഒരു സ്ത്രീയായിട്ട് കാണേണ്ട, ഒരു വ്യക്തിയല്ലേ? മനുഷ്യർക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ഇത്തരമൊരു രീതിയിൽ കാണാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല,” മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതാ ലംഘനം തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ സർക്കാർ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: