21/07/2026
[fontresizer_tawhidurrahmandear_widget]

മോദിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച; ചടങ്ങിന് ഒരുക്കിയ വേദി വെള്ളത്തിലായി

 മോദിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച; ചടങ്ങിന് ഒരുക്കിയ വേദി വെള്ളത്തിലായി

കൊപ്പൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കർണാടകയിലെ കൊപ്പൽ റെയിൽവേ സ്റ്റേഷനിൽ വൻ ചോർച്ച. കോടികൾ ചിലവഴിച്ച് നവീകരിച്ച സ്റ്റേഷൻ മന്ദിരത്തിലാണ് കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങിയത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് നിർമാണത്തിലെ അപാകതകൾ പുറത്തായതോടെ റെയിൽവേയുടെ നിർമാണ നിലവാരത്തെക്കുറിച്ച് കടുത്ത പ്രതിഷേധം ഉയരുകയാണ്.

പ്രധാനമന്ത്രിയുടെ വെർച്വൽ ഉദ്ഘാടന ചടങ്ങിനായി വിപുലമായ സജ്ജീകരണങ്ങളാണ് റെയിൽവേ ഒരുക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിത മഴയിൽ മേൽക്കൂരയിൽ നിന്ന് വെള്ളം കുത്തിയൊലിച്ചതോടെ പ്രധാന വേദി, ലക്ഷക്കണക്കിന് രൂപയുടെ ഓഡിയോ സിസ്റ്റം, സ്പീക്കറുകൾ, കസേരകൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നതിന് മുൻപ് തന്നെ ഇത്തരമൊരു തകരാർ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

നിർമാണത്തിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് യാത്രക്കാരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഉന്നതതല പരിശോധന നടത്തണമെന്നും അപാകതകൾ പൂർണ്ണമായി പരിഹരിച്ച ശേഷമേ സ്റ്റേഷൻ തുറന്നുകൊടുക്കാവൂ എന്നും അവർ ആവശ്യപ്പെടുന്നു.

മേൽക്കൂരയിൽ നിന്ന് വെള്ളം പതിക്കുന്നതിന്റെയും അകത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. ഇത് റെയിൽവേ വകുപ്പിന് വലിയ പൊതുവിമർശനം നേടിക്കൊടുത്തു. കൃത്യമായ ക്വാളിറ്റി ചെക്കുകൾ നടത്താതെയാണോ പദ്ധതി പൂർത്തിയാക്കിയതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും, സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ റെയിൽവേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ചടങ്ങിനെ ഇത് ബാധിക്കുമോ എന്നതിലും ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയിട്ടില്ല.

Also read: