21/07/2026
[fontresizer_tawhidurrahmandear_widget]

എക്‌സ്ട്രാ ടൈമിൽ ഫെറാൻ ടോറസിന്റെ മാജിക് ഗോൾ; അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാമ്പ്യന്മാർ

 എക്‌സ്ട്രാ ടൈമിൽ ഫെറാൻ ടോറസിന്റെ മാജിക് ഗോൾ; അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാമ്പ്യന്മാർ

മെറ്റ്‌ലൈഫ്: വാശിയേറിയ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയെ കീഴടക്കി സ്പെയിൻ ജേതാക്കളായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ ചരിത്ര വിജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സ്പെയിനിന്റെ വിജയഗോൾ പിറന്നത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. ബോക്സിലേക്ക് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്-വോളിയിലൂടെ പന്ത് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു.

ടൂർണമെന്റിലെ പ്രമുഖ ഫിഫ പുരസ്കാരങ്ങളിലേറെയും സ്വന്തമാക്കിയാണ് സ്പെയിനിന്റെ മടക്കം. ഗോൾഡൻ ബോൾ റോഡ്രിയും ഗോൾഡൻ ഗ്ലൗ ഉനായ് സിമോനും മികച്ച യുവതാരത്തിനുള്ള പുരസ്കാരം പൗ കുബാർസിയും നേടി. അതേസമയം, 10 ഗോളുകളും നാല് അസിസ്റ്റുകളുമായി തിളങ്ങിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട്. രണ്ടുതവണ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡും എംബാപ്പെ ഇതോടെ സ്വന്തമാക്കി.

സ്പെയിനിന്റെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2010-ലാണ് സ്പെയിൻ ലോക ചാമ്പ്യന്മാരായത്. ഫൈനലിൽ തുടക്കം മുതൽ ഒടുക്കം വരെ ചാമ്പ്യന്മാരുടെ കളിയാണ് സ്പാനിഷ് പട പുറത്തെടുത്തത്. ഹൈ പ്രസ്സിങ്ങും പന്തടക്കവുമായി സ്പെയിൻ കളിക്കളത്തിൽ നിറഞ്ഞുനിന്നതോടെ സ്പെയിനിന്റെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലുമുതിർക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. മറുവശത്ത് സ്പെയിൻ തൊടുത്ത അപകടകരമായ ഷോട്ടുകളെല്ലാം അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളാണ് തടഞ്ഞുനിർത്തിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 1966-ന് ശേഷം ഇതാദ്യമായാണ് ഒരു ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഷോട്ടുപോലും ഉതിർക്കാൻ കഴിയാതെ അർജന്റീന നിഷ്പ്രഭമാകുന്നത്. രണ്ടാം ഹൈഡ്രേഷൻ ബ്രേക്കിലും മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.

മത്സരം അധികസമയത്തേക്ക് നീണ്ടതിന് പിന്നാലെ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. നേരത്തെ തന്നെ മഞ്ഞക്കാർഡ് വഴങ്ങിയിരുന്ന എൻസോ, 93-ാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റം തടയാൻ നടത്തിയ ഫൗളാണ് രണ്ടാമത്തെ മഞ്ഞക്കാർഡിനും തുടർന്ന് റെഡ് കാർഡിനും വഴിവെച്ചത്. ഇതോടെ അവസാന മിനിറ്റുകളിൽ അർജന്റീന പത്തുപേരായി ചുരുങ്ങുകയായിരുന്നു.

Also read: