21/07/2026
[fontresizer_tawhidurrahmandear_widget]

നീറ്റ് ക്രമക്കേട്: ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; സിജെപി നേതാക്കളുമായി ജെ. പി നദ്ദ ചർച്ച നടത്തും

 നീറ്റ് ക്രമക്കേട്: ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; സിജെപി നേതാക്കളുമായി ജെ. പി നദ്ദ ചർച്ച നടത്തും

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങുന്നു. സി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം കേന്ദ്രമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ കേന്ദ്ര സർക്കാർ പ്രതിനിധികൾ അവസരമൊരുക്കി. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് വൻ ജനപിന്തുണയും പങ്കാളിത്തവും ലഭിച്ചതിന് പിന്നാലെയാണ് സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്.

സർക്കാർ പ്രതിനിധികൾ തങ്ങളുമായി ബന്ധപ്പെട്ടെന്നും പാർട്ടി നേതാക്കൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാമെന്ന് ഉറപ്പുനൽകിയതായും സി.ജെ.പി വ്യക്തമാക്കുന്നു. പാർട്ടി പ്രതിനിധികളായ സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് രങ്ക എന്നിവരെയാണ് കൂടിക്കാഴ്ചയ്ക്കായി നിശ്ചയിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ വഴിയാണ് സർക്കാർ ആദ്യം സമരക്കാരുമായി ആശയവിനിമയം നടത്തിയത്. ജില്ലാ മജിസ്‌ട്രേറ്റുമായും തുടർന്ന് ഗവൺമെന്റ് സെക്രട്ടറിയുമായും ചർച്ചയാകാമെന്ന് പോലീസ് വാഗ്ദാനം ചെയ്തെങ്കിലും, പ്രധാനമന്ത്രിയെയോ കേന്ദ്രമന്ത്രിമാരെയോ മാത്രമേ കാണൂ എന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുകയായിരുന്നു. കാണേണ്ട മന്ത്രിമാരുടെ പട്ടികയും പാർട്ടി അധികൃതർക്ക് കൈമാറി. ഇതിന് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായുള്ള സമവായ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. സമരക്കാരും സർക്കാരും തമ്മിൽ നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സമരനേതാവ് സൗരവ് ദാസ് എക്‌സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. “കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളായി അശുതോഷ് രങ്കയും ഞാനും ജെ.പി നദ്ദയെ കാണാൻ പോകുന്നു. രാവിലെ സർക്കാർ ചർച്ചയ്ക്കായി ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാണ്. യുവജനങ്ങൾ വൻതോതിൽ എത്തിച്ചേർന്നിട്ടുണ്ട്. ഞങ്ങൾ വിജയിക്കും!” എന്ന് സൗരവ് ദാസ് കുറിച്ചു. ഒരു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ചർച്ചയ്ക്കായി പ്രതിനിധികളെ സമീപിക്കുന്നതെന്ന് സി.ജെ.പി വക്താവ് കൂട്ടിച്ചേർത്തു.

Also read: