21/07/2026
[fontresizer_tawhidurrahmandear_widget]

‘യുഎസിൽ നെതന്യാഹു ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടില്ല’; മംദാനിയുടെ ഭീഷണി തള്ളി ട്രംപ്

 ‘യുഎസിൽ നെതന്യാഹു ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടില്ല’; മംദാനിയുടെ ഭീഷണി തള്ളി ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഭീഷണി തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലായിരിക്കുമ്പോൾ നെതന്യാഹു ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് ട്രംപ് വ്യക്തമാക്കി. മംദാനിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേൽ യുഎസിനെ പിന്തുണച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

വരുന്ന സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ അദ്ദേഹത്തെ തടങ്കലിലാക്കുന്നത് സംബന്ധിച്ച് തങ്ങളുടെ ഭരണകൂടം ആലോചിച്ചു വരികയാണെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.സി) വിചാരണ നേരിടേണ്ട വ്യക്തിയാണെന്ന് ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ മംദാനി ചൂണ്ടിക്കാട്ടിയിരുന്നു. ഗാസയിലെ ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ട് 2024-ൽ ഐ.സി.സി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

താൻ നിയന്ത്രിക്കുന്ന പോലീസ് വകുപ്പിന് ഒരു വിദേശ നേതാവിനെ തടങ്കലിൽ വെക്കാൻ നിയമപരമായി അധികാരമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും സിറ്റി ലോ ഡിപ്പാർട്ട്മെന്റുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്നു വരികയാണെന്നും മംദാനി കൂട്ടിച്ചേർത്തു. മുൻപ് നടന്ന മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഉത്തരവ് നൽകുമെന്ന് മംദാനി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മംദാനിയുടെ നിലപാടുകളെ ഇസ്രയേൽ പൂർണ്ണമായും തള്ളി. അന്താരാഷ്ട്ര കോടതിയെ ‘നിയമവിരുദ്ധ കോടതി’ എന്നും അതിന്റെ വാറണ്ടിനെ വ്യാജമെന്നും വിശേഷിപ്പിച്ച ഇസ്രയേൽ, സ്വന്തം ഭരണപരമായ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. മേയറുടെ നീക്കങ്ങളെ തള്ളിയ ബെന്യാമിൻ നെതന്യാഹു, മംദാനി ഹമാസിനെ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചു. മംദാനി ആരെയാണ് അപലപിക്കുന്നതെന്നും ആരെയാണ് പുകഴ്ത്തുന്നതെന്നും സ്വയം പരിശോധിക്കണമെന്ന് നെതന്യാഹു ഒരു റേഡിയോ അഭിമുഖത്തിൽ തിരിച്ചടിച്ചു. അമേരിക്കൻ മൂല്യങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നുനിൽക്കുന്ന ഏക ജനാധിപത്യ രാജ്യമായ ഇസ്രയേലിനെയാണ് മേയർ കുറ്റപ്പെടുത്തുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെ മംദാനി നിരന്തരം അപലപിക്കാറുണ്ട്. അതോടൊപ്പം തന്നെ 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗാസ വിഷയത്തിലെ യു.എസ് നയങ്ങളെ കടുത്ത ഭാഷയിലാണ് മേയർ വിമർശിച്ചത്. ഇതിലും പരാജയപ്പെട്ട ഒരു വിദേശനയം വേറെയില്ലെന്നും മംദാനി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഐ.സി.സിയുടെ നടപടികൾക്കെതിരെ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും മേൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കോടതിയെ നിർവീര്യമാക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Also read: