‘രാത്രിയിൽ പൂർണനഗ്നനായി വീടുകളിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും’; നാട്ടുകാർക്ക് തലവേദനയായി അജ്ഞാതൻ
താമരശ്ശേരി: രാത്രിയിൽ പൂർണനഗ്നനായി വീടുകളിൽ ഉറങ്ങുന്നവരെ ശല്യം ചെയ്ത് അജ്ഞാതൻ. താമരശ്ശേരിയിലാണ് സംഭവം. കോളിങ് ബെല്ലടി കേട്ട് വാതിൽ തുറന്ന് നോക്കുമ്പോൾ പുറത്താരെയും കാണില്ല. സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് ആളുകൾ ആശങ്കയിലായത്.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരി പോലീസ് സ്‌റ്റേഷന് മുൻവശത്തുള്ള വെഴുപ്പൂർ ഭാഗത്തെ വീട്ടുമുറ്റത്താണ് മുഖം മൂടിയിട്ട പൂർണ നഗ്നനായ അജ്ഞാതൻ എത്തിയത്. ആദ്യം കിടപ്പുമുറിയുടെ ഭാഗത്തും പിന്നീട് മുൻ ഭാഗത്തെത്തി കോളിങ് ബെൽ അടിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് താമരശ്ശേരി കാരാടിയിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങളും ഈ പ്രദേശത്ത് പതിവായി റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി കാലങ്ങളിൽ ഇത്തരത്തിൽ കോളിങ് ബെല്ലോ ശബ്ദമോ കേട്ടാൽ ആരാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാതിൽ തുറക്കാവൂ എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.