23/07/2026
[fontresizer_tawhidurrahmandear_widget]

സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ വിടവാങ്ങി

 സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ വിടവാങ്ങി

മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ അന്തരിച്ചു. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ആലിക്കുട്ടി മുസ്ലിയാരുടെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ, ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ, പ്രസാധകൻ തുടങ്ങി വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

1945-ൽ വേങ്ങരയ്ക്കടുത്ത് മൂസ ഹാജി ബിയ്യാത്തു കുട്ടി ദമ്പതികളുടെ മൂത്തമകനായാണ് ജനനം. ഇരുമ്പുഴി, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര എന്നിവിടങ്ങളിലെ ദർസ് പഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് 1968-ൽ ഫൈസി ബിരുദം കരസ്ഥമാക്കി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ പ്രിയശിഷ്യനായിരുന്നു. ഉമറലി ശിഹാബ് തങ്ങളിൽനിന്ന് ഇംഗ്ലീഷും കെ.പി ഉസ്മാൻ സാഹിബിൽ നിന്ന് ഉർദുവും സ്വായത്തമാക്കിയ അദ്ദേഹം, അറബി ഉൾപ്പെടെയുള്ള ഭാഷകളിൽ അപാരമായ പാണ്ഡിത്യം നേടി.

സംഘടനാ നേതൃത്വം, പൊതുപ്രവർത്തനം

1970-ൽ പെരിന്തൽമണ്ണ താലൂക്ക് സമസ്ത ജനറൽ സെക്രട്ടറിയായാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. 1986 മുതൽ കേന്ദ്ര മുശാവറ അംഗം, 2010 മുതൽ ജോയിന്റ് സെക്രട്ടറി, തുടർന്ന് ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ജനറൽ സെക്രട്ടറി പദവിയിലെത്തി.

1979 മുതൽ അധ്യാപകനായും (മുദരിസ്) 2003 മുതൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 2003-2006 കാലയളവിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006-ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ദേശീയ സമിതിയംഗം, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, വിവിധ മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹി എന്ന നിലയിലെല്ലാം പ്രവർത്തിച്ചുവരികയായിരുന്നു.

മികച്ച സംഘാടകനും പണ്ഡിതനും എന്നതിലുപരി സജീവമായ എഴുത്തുപുരയുടെ ഉടമയായിരുന്നു അദ്ദേഹം. സുന്നി അഫ്കാർ വാരിക, അൽ മുഅല്ലിം, അന്നൂർ’* (അറബി) മാസിക, ‘മുസ്ലിം ലോകം ഇയർ ബുക്ക്’ എന്നിവയുടെ മുഖ്യ പത്രാധിപരായി സേവനമനുഷ്ഠിച്ചു.

Also read: