‘ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രി, പെല്ലറ്റ് പ്രയോഗിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളം’; പരിക്കേറ്റ വിദ്യാർത്ഥിയുമായി വാര്‍ത്താ സമ്മേളനം നടത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പരിക്കേറ്റ വിദ്യാർത്ഥിയോടൊപ്പം വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹത്തെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തകർന്നടിയുന്ന രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാനെന്നും ആയിരക്കണക്കിന് യുവാക്കളെ തെരുവിലിറക്കാൻ നിർബന്ധിതരാക്കിയത് അദ്ദേഹമാണെന്നും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.
പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ രാഹുൽ ഗാന്ധി തള്ളി. “ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് പെല്ലറ്റ് തോക്ക് പ്രയോഗത്തിലാണ് പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കൾക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി. പൊലീസ് വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടുണ്ട്,” എന്ന് പരിക്കേറ്റ വിദ്യാർത്ഥിയെ ഒപ്പം നിർത്തി രാഹുൽ പറഞ്ഞു. വിദ്യാർത്ഥികളെ മൃഗീയമായി മർദ്ദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ എന്തൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധികളും കേന്ദ്ര സർക്കാരും തമ്മിൽ നടന്ന നിർണ്ണായക ചർച്ച പൂർത്തിയായി. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായി. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്രം സമ്മതിച്ചത്. എന്നാൽ, വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ നിലവിൽ അംഗീകരിച്ചിട്ടില്ല. തീരുമാനം അറിയിക്കാൻ നാളെവരെ സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം.