ഇന്റർനെറ്റ് നിരോധിച്ചാലും മെസേജ് അയക്കാം; പ്രതിഷേധക്കാർ ഉപയോഗിച്ചിരുന്ന ബിറ്റ്ചാറ്റ് ആപ്പ് നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: ഇന്റർനെറ്റ് വിച്ഛേദിച്ചാലും സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന ‘ബിറ്റ്ചാറ്റ്’ ആപ്പിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. മുൻ ട്വിറ്റർ മേധാവിയായ ജാക്ക് ഡോർസി വികസിപ്പിച്ചെടുത്ത ഈ ബ്ലൂടൂത്ത് അധിഷ്ഠിത മെസ്സേജിങ് ആപ്പിന്റെ സോഴ്‌സ് കോഡുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ െ്രെകം കോർഡിനേഷൻ സെന്റർ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ‘ഗിറ്റ്ഹബ്ബിന്’ നിർദ്ദേശം നൽകി.
ഇന്റർനെറ്റ് വിച്ഛേദിക്കുന്ന സാഹചര്യങ്ങളിലും ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കാൻ ബിറ്റ്ചാറ്റിലൂടെ സാധിക്കും. ഫോൺ നമ്പറോ മറ്റ് രജിസ്‌ട്രേഷനുകളോ ആവശ്യമില്ലാത്തതിനാൽ ഇത്തരം ആപ്പുകൾ വഴി നടക്കുന്ന ആശയവിനിമയങ്ങൾ നിരീക്ഷിക്കാനും ഉറവിടം കണ്ടെത്താനും അന്വേഷണ ഏജൻസികൾക്ക് കഴിയില്ല. ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പ്രതിഷേധക്കാർ വ്യാപകമായി ഈ ആപ്പ് ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.
ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന രീതിയിൽ രാജ്യവിരുദ്ധ ശക്തികളും കുറ്റവാളികളും ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് ആപ്പിന്റെ പ്രധാന ലിങ്കുകൾ നീക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ‘ഇന്ത്യൻ സർക്കാരിന് ബിറ്റ്ചാറ്റ് പോലുള്ള സാങ്കേതികവിദ്യകളോട് താല്പര്യമില്ല’ എന്ന് ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ചുകൊണ്ട് ജാക്ക് ഡോർസി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.