26/07/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചു പോയീന്ന് കേട്ടു’; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി ചന്തു സലിംകുമാർ

 ‘ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചു പോയീന്ന് കേട്ടു’; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി ചന്തു സലിംകുമാർ

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവാക്കളെയും പരിഹസിച്ച നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനെയും പേളി മാണിയെയും പരിഹസിച്ച് നടൻ ചന്തു സലിംകുമാർ.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ രൂക്ഷമായ ട്രോൾ. ‘കാശ്മ‌ീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’ എന്നായിരുന്നു ചന്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് താഴെ ചെറിയ അക്ഷരങ്ങളിൽ ഇംഗ്ലീഷിൽ ‘കാവി എൻ്റെ ഇഷ്ടനിറമാണ്’ എന്നും അദ്ദേഹം ചേർത്തുവെച്ചു.

നേരത്തെ, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കൃഷ്ണകുമാർ പരസ്യമാക്കിയത്. ‘കശ്‌മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ… ഡൽഹി’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ‘ജയ്ഹിന്ദ്’ എന്ന കുറപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനുപുറമേ കേന്ദ്ര സർക്കാരിനെ അനുകൂലിച്ചുകൊണ്ട് പേളി മാണി പങ്കുവെച്ച പോസ്റ്റും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപസമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവതയുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ ചില മാറ്റങ്ങൾ സൃഷ്ടിച്ചു. എന്റെ മനസ്സിൽ ആകെ വന്ന ഒരേയൊരു ചിന്ത… ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല’ -എന്നായിരുന്നു പേളി മാണിയുടെ പോസ്റ്റ്.

മറ്റൊരു പോസ്റ്റിൽ തന്റെ ഇഷ്ടനിറം കാവിയാണെന്നും പേളി കുറിച്ചിരുന്നു. ഇതിനെ മുൻനിർത്തിയാണ് ചന്തുവിന്റെ ഇൻസ്റ്റഗ്രാം ട്രോൾ. അതേസമയം, പങ്കുവെച്ച നിലപാടുകൾ പേളി മാണിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് പേളിയെ അൺഫോളോ ചെയ്തത്. 5.7 മില്യൺ ഉണ്ടായിരുന്ന ഫോളോവേഴ്‌സ് ഇപ്പോൾ 5.5 മില്യണായി കുറഞ്ഞു. യൂട്യൂബിലും സമാനമായ ഇടിവ് നേരിട്ടു; 4.71 മില്യണിൽ നിന്ന് 4.64 മില്യണിലേക്കാണ് സബ്സ്ക്രൈബേഴ്സ് താഴ്ന്നത്.

Also read: