‘പോലീസ് വിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം’; വീണ്ടും ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി സിജെപി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്നും മറ്റ് സംഘടനകളിൽ നിന്നും തുടർച്ചയായി ഉപദ്രവങ്ങളും അറസ്റ്റ് നടപടികളും ഉണ്ടാകുന്നതിൽ ശക്തമായ മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം താൽക്കാലികമായി അവസാനിപ്പിച്ചിട്ടും പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വേട്ടയാടുന്നത് തുടർന്നാൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന സംഘടന വ്യക്തമാക്കി. ഡൽഹിയിലും മുംബൈയിലും ബിഹാറിലും ബംഗാളിലും ഉൾപ്പെടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും വേട്ടയാടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
സിജെപി ദേശീയ വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. പ്രക്ഷോഭകർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അശുതോഷ് റാങ്ക കുറ്റപ്പെടുത്തി.
അറസ്റ്റ് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും ഉടനടി മോചിപ്പിക്കണമെന്നും, അവർക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും, കേസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് സർക്കാർ ഉടൻ കൈമാറണമെന്നും സൗരവ് ദാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അടുത്തിടെ ജന്തർ മന്തറിലെ സമരസ്ഥലത്തിന് സമീപത്തുവെച്ച് വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവങ്ങൾക്ക് പുറമെ, ബിഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന രീതിയിൽ കേസുകളിൽ കുടുക്കുന്നതിനെയും അവർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും സംഘടന കടുത്ത ഭാഷയിൽ വിമർശിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് കേസ് എടുക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സിജെപി ചൂണ്ടിക്കാട്ടി. നൽകിയ വാക്ക് പാലിക്കാനും വിദ്യാർത്ഥികൾക്കെതിരായ അനാവശ്യ പീഡനങ്ങൾ അവസാനിപ്പിക്കാനും സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യമൊട്ടാകെ വീണ്ടും ശക്തമായ പ്രക്ഷോഭങ്ങൾ പുനരാരംഭിക്കുമെന്നാണ് സംഘടന നൽകിയിരിക്കുന്ന ആഹ്വാനം.