‘ജീവിക്കാൻ പണം വേണം, സ്ഥാനമാനങ്ങളും’; ട്വന്റി-20യുമായി വിലപേശി അഖിൽ മാരാർ; ഓഡിയോ പുറത്ത്
കൊച്ചി: രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ സാമ്പത്തിക ഭദ്രതയോ ബോർഡ്, കോർപ്പറേഷൻ പദവികളോ നൽകണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ ട്വന്റി-20 പാർട്ടി പുറത്തുവിട്ടു. പാർട്ടിയിൽ നിൽക്കണമെങ്കിൽ തനിക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അതിനായി പദവികൾ നൽകണമെന്നും മാരാർ ആവശ്യപ്പെടുന്നതാണ് ഈ ഓഡിയോയിലുള്ളത്. അഖിൽ മാരാരും ട്വന്റി-20 പാർട്ടിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് നിർണായകമായ ഈ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
തനിക്ക് സാമ്പത്തികമായ പരിഗണന അനിവാര്യമാണെന്ന് മാരാർ ഓഡിയോയിൽ പറയുന്നുണ്ട്. കോൺഗ്രസിലോ ബിജെപിയിലോ നിൽക്കുമ്പോൾ കിട്ടുന്നതുപോലെയുള്ള വിലയോ ബഹുമാനമോ ഇവിടെ ലഭിക്കുന്നില്ലെന്നും, അതിനാൽ പദവികൾ ചോദിച്ചുവാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ നിൽക്കുന്നത് ലാഭത്തേക്കാളേറെ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. ബിജെപിയുടെ സെൻട്രൽ ബോർഡുകളിലെങ്കിലും സ്ഥാനം ലഭിക്കാൻ ഇടപെടലുകൾ നടത്തണമെന്നും, കൊട്ടാരക്കര സീറ്റ് ലക്ഷ്യമിട്ടാണ് താൻ ട്വന്റി-20യിൽ എത്തിയതെന്നും സംഭാഷണത്തിൽ മാരാർ തുറന്നുസമ്മതിക്കുന്നുണ്ട്.
പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നോട് നീതി കാണിച്ചില്ലെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു അഖിൽ മാരാർ അടുത്തിടെ ട്വന്റി-20 വിട്ടത്. ബിജെപി തനിക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകാൻ തയ്യാറായിരുന്നെന്നും, എന്നാൽ അവിടെ പരിഗണിക്കാതെ തൃക്കാക്കരയിലേക്ക് മാറ്റിയത് രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ, താൻ അയച്ച സന്ദേശങ്ങൾക്കൊന്നും പാർട്ടി നേതൃത്വം മറുപടി നൽകിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
എന്നാൽ അഖിൽ മാരാർ നടത്തുന്ന ഇത്തരം വിലപേശലുകൾക്ക് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വഴങ്ങാൻ കഴിയില്ലെന്നാണ് ട്വന്റി-20യുടെ നിലപാട്. കൂടുതൽ കാലം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് ഇത്തരം സ്ഥാനങ്ങൾക്ക് അർഹരെന്നും, മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും പാർട്ടി വക്താക്കൾ വ്യക്തമാക്കി. ഇത്തരം വിലപേശൽ രാഷ്ട്രീയത്തോട് യാതൊരു തരത്തിലും സന്ധി ചെയ്യില്ലെന്ന് വ്യക്തമാക്കാനാണ് ഓഡിയോ പുറത്തുവിട്ടതെന്നും ട്വന്റി-20 നേതൃത്വം കൂട്ടിച്ചേർത്തു.