01/08/2026
[fontresizer_tawhidurrahmandear_widget]

‘ഏത് അമ്മ?’ എന്ന് ആവർത്തിച്ച് ബ്രിട്ടാസ്; സഭയിൽ സഹികെട്ട് ‘നിന്റെ അമ്മ’ എന്ന് എഐഡിഎംകെ എംപി തമ്പിദുരൈ

 ‘ഏത് അമ്മ?’ എന്ന് ആവർത്തിച്ച് ബ്രിട്ടാസ്; സഭയിൽ സഹികെട്ട് ‘നിന്റെ അമ്മ’ എന്ന് എഐഡിഎംകെ എംപി തമ്പിദുരൈ

ന്യൂഡൽഹി: രാജ്യസഭയിൽ നീറ്റ് വിഷയത്തിലുള്ള ചർച്ചയ്ക്കിടെ സിപിഐഎം എംപി ജോൺ ബ്രിട്ടാസും എഐഡിഎംകെ എംപി എം. തമ്പിദുരൈയും തമ്മിലുണ്ടായ വാക്പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീറ്റ് പരീക്ഷയ്ക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ തമ്പിദുരൈ ‘അമ്മ’ എന്ന് വിശേഷിപ്പിച്ച് സംസാരിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

തമ്പിദുരൈയുടെ പ്രസംഗത്തിനിടയിൽ ‘ഏത് അമ്മ’ (Which Amma) എന്ന് ജോൺ ബ്രിട്ടാസ് മൂന്ന് തവണ ആവർത്തിച്ച് ചോദിക്കുകയായിരുന്നു. മൂന്നാമതും ചോദ്യം ഉയർന്നതോടെ സഹികെട്ട തമ്പിദുരൈ ‘നിന്റെ അമ്മ’ (Your Amma) എന്ന് രോഷത്തോടെ മറുപടി നൽകി. അപ്രതീക്ഷിത മറുപടി കേട്ട് അത്ഭുതപ്പെടുന്ന ബ്രിട്ടാസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

2017-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നീറ്റ് ബില്ലിനെ എഐഡിഎംകെ ശക്തമായി എതിർത്തിരുന്നുവെന്ന് തമ്പിദുരൈ സഭയിൽ പറഞ്ഞു. 2010-ൽ എംസിഐ നീറ്റ് നോട്ടിഫൈ ചെയ്തതെന്നും യുപിഎ ഭരണകാലത്ത് കോൺഗ്രസും ഡിഎംകെയും ചേർന്നാണ് ഇത് നടപ്പിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ അഡ്മിഷൻ നയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് ജയലളിത മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും പിന്നീട് നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.

പ്രസംഗത്തിലുടനീളം ജയലളിതയെ ‘അമ്മ’ എന്ന് പരാമർശിച്ചായിരുന്നു തമ്പിദുരൈ സംസാരിച്ചത്. അതേസമയം, പ്രസംഗം അവസാനിച്ചതിന് പിന്നാലെ സഭയിലെ ഏതാനും നേതാക്കൾ ബ്രിട്ടാസിന് തമ്പിദുരൈ നൽകിയ മറുപടിയെ വിമർശിക്കുകയും ചെയ്തു.

Also read: