06/08/2026
[fontresizer_tawhidurrahmandear_widget]

ഇ20 പെട്രോളിനെതിരെ കെജ്‌രിവാൾ നടത്തിയ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നേതാക്കൾ; സംഘർഷാവസ്ഥ

 ഇ20 പെട്രോളിനെതിരെ കെജ്‌രിവാൾ നടത്തിയ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നേതാക്കൾ; സംഘർഷാവസ്ഥ

ന്യൂഡൽഹി: എഥനോൾ കലർന്ന ഇ20 പെട്രോളിനെതിരെ പ്രതിഷേധവുമായി ആം ആദ്‌മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് 100 പേരുമായി എഎപി ആസ്ഥാനത്തുനിന്ന് പുറപ്പെട്ട മാർച്ചാണ് ഫിറോസ് ഷാ റോഡിൽ വെച്ച് ഡൽഹി പോലീസ് തടഞ്ഞത്.

മാർച്ച് തടഞ്ഞതോടെ അരവിന്ദ് കെജ്‌രിവാൾ , മനീഷ് സിസോദിയ, സഞ്ജയ് സിങ്, ജാസ്മിൻ ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ ഫിറോസ് ഷാ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇ20 പെട്രോളിനെതിരെ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച 2.3 ലക്ഷത്തിലധികം ഒപ്പുകളടങ്ങിയ ഓൺലൈൻ പെറ്റീഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി നേരിട്ട് കൈമാറാനായിരുന്നു എഎപിയുടെ നീക്കം. എന്നാൽ മാർച്ചിന് ഡൽഹി പോലീസ് മുൻകൂട്ടി അനുമതി നിഷേധിച്ചിരുന്നു.

വാട്ടർ ക്യാനൻ, ടിയർ ഗ്യാസ് എന്നിവയുമായി ഇരുനൂറിലധികം പോലീസുകാരെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ച് കടുത്ത സുരക്ഷാ വലയമാണ് പോലീസ് ഫിറോസ് ഷാ റോഡിൽ ഒരുക്കിയിരുന്നത്. മാർച്ച് വഴിതിരിച്ചുവിട്ടതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒടുവിൽ നേതാക്കളിൽ നിന്ന് പെറ്റീഷനുകൾ വാങ്ങി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിക്കാമെന്ന് പോലീസ് സമ്മതിച്ചതായാണ് വിവരം.

ഓഗസ്റ്റ് 1-ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ‘നാഷണൽ ടൗൺ ഹാൾ അഗെയിൻസ്റ്റ് ഇ20’ പരിപാടിയിലാണ് കെജ്‌രിവാൾ ഈ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്. ലാത്തിയെയോ ജയിലിനെയോ ഭയപ്പെടാത്ത 100 പേരെ മാത്രം കൂട്ടി താൻ പ്രധാനമന്ത്രിയെ കാണാൻ പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും ഇ20-യും തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്ക് നൽകുക. ഇ20 പെട്രോളിന്റെ വില ശുദ്ധ പെട്രോളിനേക്കാൾ കുറവായിരിക്കണം. പെട്രോൾ വില ലിറ്ററിന് 84 രൂപയ്ക്ക് താഴെ നിലനിർത്തുക.എന്നിവയാണ് എഎപിയുടെ പ്രധാന ആവശ്യങ്ങൾ.

20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്നും എഞ്ചിന് കേടുപാടുകൾ വരുത്തുമെന്നും കെജ്‌രിവാൾ ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി യു.എസിൽ നിന്ന് എഥനോൾ ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ഇത് നിർബന്ധമാക്കുന്നതെന്നും, വിഷയത്തിൽ മുൻപ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also read: