പഠിപ്പിച്ച് നല്ല നിലയിലാക്കി, ഒടുവിൽ പിതാവിന് വയോജന മന്ദിരത്തിൽ അന്ത്യം; അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് മക്കൾ
ഹരിയാന: മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്താതിരുന്നതിനെ തുടർന്ന്, വയോജന മന്ദിരത്തിൽ അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്‌സ്‌റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്‌തയാണ് അന്തരിച്ചത്. നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് മക്കളും വീഡിയോ കോൾ വഴി പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ കണ്ടത്.
കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വയോജന മന്ദിരത്തിലാണ് ശിവചരൺ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മീന നേരത്തെ മരണപ്പെട്ടിരുന്നു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ 3:30 ഓടെയാണ് അന്തരിച്ചത്. ഉടൻ തന്നെ വയോജന മന്ദിര അധികൃതർ മൂന്ന് പെൺമക്കളെയും വിവരമറിയിക്കുകയായിരുന്നു.
എന്നാൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സോണിപ്പട്ടിൽ എത്താൻ മക്കൾക്ക് സാധിച്ചില്ല. തുടർന്ന് വീഡിയോ കോളിലൂടെ അവർ അന്ത്യകർമ്മങ്ങളിൽ പങ്കുചേരുകയായിരുന്നു. വയോജന മന്ദിര അധികൃതരും നാട്ടുകാരും ചേർന്നാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. ശിവചരണിന്റെ ആരോഗ്യസ്ഥിതി മോശമായ വിവരം 20 ദിവസം മുൻപ് തന്നെ മക്കളെ അറിയിച്ചിരുന്നെങ്കിലും അവർ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നില്ലെന്ന് വയോജന മന്ദിരം ഭാരവാഹികൾ പറഞ്ഞു. മൂന്ന് മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനായി ജീവിതം മാറ്റിവെച്ചയാളാണ് ശിവചരൺ എന്നും, ഇതിൽ രണ്ടുപേർ അധ്യാപകരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.
അസുഖബാധിതനായ ശേഷം പിതാവുമായി മക്കൾ കാര്യമായി സംസാരിച്ചിരുന്നില്ല. നേപ്പാളിൽ അധ്യാപികയായി ജോലി ചെയ്യുന്ന അനിത എന്ന മകൾ ഓൺലൈനായി 5,100 രൂപ അയച്ചുനൽകുകയും പിതാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ചടങ്ങുകൾ പൂർത്തിയായ ശേഷം അതിന്റെ വീഡിയോ അയച്ചു നൽകാനും മക്കൾ വയോജന മന്ദിര അധികൃതരോട് ആവശ്യപ്പെട്ടു.