06/08/2026
[fontresizer_tawhidurrahmandear_widget]

‘ജൗഹർ യൂണിവേഴ്‌സിറ്റി തകർക്കാനുള്ള നീക്കം തടയണം’- എം.പി അബ്‌ദുസ്സമദ് സമദാനി ലോക്‌സഭയിൽ

 ‘ജൗഹർ യൂണിവേഴ്‌സിറ്റി തകർക്കാനുള്ള നീക്കം തടയണം’- എം.പി അബ്‌ദുസ്സമദ് സമദാനി ലോക്‌സഭയിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപൂരിലുള്ള മൗലാനാ മുഹമ്മദ് അലി ജൗഹർ യൂണിവേഴ്‌സിറ്റിയുടെ കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്‌ദുസ്സമദ് സമദാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സഭയിൽ 377-ാം വകുപ്പ് പ്രകാരം ഉന്നയിച്ച സബ്‌മിഷനിലൂടെയാണ് അദ്ദേഹം ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. സ്വാതന്ത്ര്യസമര പോരാളിയുടെ നാമധേയത്തിലുള്ള വിജ്ഞാനകേന്ദ്രത്തിനെതിരെ ഉയർന്നിരിക്കുന്ന നശീകരണ ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കാമ്പസിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും തകർക്കാനാണ് റാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്. ഫാക്കൽറ്റി ബ്ലോക്കുകൾ, സെൻട്രൽ ലൈബ്രറി, വിദ്യാർഥി ഹോസ്റ്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്ഥാപന നടത്തിപ്പിലെ കേവല ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇത്തരം കടുത്ത നടപടിക്ക് തുനിയുന്നത്. ക്രമക്കേടുകളുണ്ടെങ്കിൽ മറ്റ് പരിഹാരമാർഗങ്ങൾ തേടുകയാണ് വേണ്ടതെന്നും, അല്ലാതെ വൈജ്ഞാനിക സ്ഥാപനങ്ങളെ ബുൾഡോസറിംഗിന് വിധേയമാക്കുകയല്ല വേണ്ടതെന്നും സമദാനി വ്യക്തമാക്കി.

രാജ്യത്തിന്റെ പൊതുസ്വത്തായ സർവകലാശാലകളെ തകർക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികളുടെ അക്കാദമിക അഭ്യുന്നതിയെയും ഭാവിയെയുമാണ് ബാധിക്കുന്നത്. അതിനാൽ ജൗഹർ യൂണിവേഴ്‌സിറ്റിയുടെ ആവാസവ്യവസ്ഥ കാത്തുരക്ഷിക്കാനും വിദ്യാർഥികളുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കാനും കേന്ദ്ര സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഉടനടി ഇടപെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: