06/08/2026
[fontresizer_tawhidurrahmandear_widget]

‘പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും?’; നിഖാബ് നിരോധിക്കണമെന്ന് എം.എൻ കാരശ്ശേരി

 ‘പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും?’; നിഖാബ് നിരോധിക്കണമെന്ന് എം.എൻ കാരശ്ശേരി

കോഴിക്കോട്: മുഖം പൂർണ്ണമായും മറയ്ക്കുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ കാരശ്ശേരി. മുഖം മൂടുന്ന പർദ ധരിച്ച് ഒരു പുരുഷൻ സ്ത്രീകളുടെ പ്രിയദർശിനി ബസിൽ കയറിയാൽ എങ്ങനെ തിരിച്ചറിയാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇത് കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം വിഷയമല്ലെന്നും വലിയൊരു നിയമപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിഖാബ് ധരിച്ചെത്തുന്നയാളെ പർദ പൊക്കി പരിശോധിച്ച് സംശയനിവാരണം നടത്താൻ ബസ് കണ്ടക്ടർക്ക് കഴിയുമോ എന്നും ചോദിച്ചു.

മുഖം മൂടുന്ന വസ്ത്രധാരണം സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ഒപ്പം ജനാധിപത്യ വിരുദ്ധവുമാണെന്ന് കാരശ്ശേരി പറഞ്ഞു. കരിങ്കുപ്പായത്തിൽ ഒരു സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടുന്നതിന് തുല്യമായ ഏർപ്പാടാണ് നിഖാബ് എന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

അതേസമയം, മുസ്ലീം സ്ത്രീകൾ തലമറയ്ക്കുന്ന തട്ടം ഇടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ മുഖം പൂർണ്ണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിയമപരമായും സുരക്ഷാപരമായും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും, അതിനാലാണ് നിഖാബ് പൂർണ്ണമായും നിരോധിക്കേണ്ടത് അനിവാര്യമാണെന്ന് പറയുന്നതെന്നും എം.എൻ. കാരശ്ശേരി കൂട്ടിച്ചേർത്തു.

Also read: