നിരായുധീകരണ കരാർ ‘ഹമാസിൻ്റെ കെണി’; 15 ഇന സമാധാന പദ്ധതി തള്ളണമെന്ന് ഇസ്രയേൽ മന്ത്രിമാർ
ജറുസലേം: അമേരിക്കയുടെ പിന്തുണയോടെ ‘ബോർഡ് ഓഫ് പീസ്’ മുന്നോട്ടുവെച്ച നിരായുധീകരണ കരാറിൽ ഹമാസ് ഒപ്പുവെച്ചത് സമാധാനത്തിന് വേണ്ടിയല്ലെന്നും, മറിച്ച് സമയം നീട്ടിക്കിട്ടാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ‘കെണി’യാണെന്നും ഇസ്രയേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻബെറ്റിന്റെ മേധാവി ഡേവിഡ് സിനി.
യുദ്ധാനന്തര ഗസ്സയുമായി ബന്ധപ്പെട്ട് ഇസ്രയേൽ മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിന് മുൻപായി ഗസ്സയിൽ ഇസ്രയേൽ വീണ്ടും സൈനികാക്രമണം നടത്തുന്നത് തടയാനും സമയം നേടിയെടുക്കാനുമാണ് ഹമാസ് ഈ കരാർ അംഗീകരിച്ചതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിൽ ഒരു അന്താരാഷ്ട്ര സ്ഥിരതാ സേന പ്രവേശിച്ച് ഹമാസിനെ നിരായുധീകരിക്കുകയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, ഹമാസ് അംഗീകരിച്ച ഈ നിരായുധീകരണ പദ്ധതിയിലെ വ്യവസ്ഥകൾക്ക് ഇസ്രയേൽ സമ്മതം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്, 15 ഇനങ്ങളുള്ള ഈ കരാർ ഇസ്രയേൽ അംഗീകരിക്കുന്നില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഉന്നതതല യോഗത്തിൽ ചില മന്ത്രിമാർ ആവശ്യപ്പെട്ടത്.
15 ഇന കരാർ ഹമാസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇസ്രായേലിനെ ഇല്ലാതാക്കുക എന്ന അവരുടെ ലക്ഷ്യത്തിൽ നിന്ന് അവർ പിന്മാറിയിട്ടില്ലെന്ന് ഐ.ഡി.എഫ് മിലിട്ടറി ഇൻ്റലിജൻസ് റിസർച്ച് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഒഫിർ മിസ്‌റാഹി റോസൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും ഇസ്രയേലിന്റെ ഭാഗത്തേക്ക് തള്ളിവിടാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും, ഖത്തർ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലോടെ ഈ സംഘർഷം അന്താരാഷ്ട്രവൽക്കരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂർണ്ണമായ നിരായുധീകരണത്തിനായി ചരിത്രപരമായ ഒരു കരാറിൽ എത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഗസ്സയിൽ പുതിയൊരു ഫലസ്തീൻ ഭരണകൂടം യാഥാർത്ഥ്യമാകുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. നിരായുധീകരണം പൂർണ്ണമാകുന്ന മുറയ്ക്ക് ഇസ്രയേൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണ്ണമായും പിന്മാറുമെന്നാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ.