04/09/2026
[fontresizer_tawhidurrahmandear_widget]

കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് അർജുൻ; പോലീസിനെ അറിയിച്ച് ഡ്രൈവർ; അർധരാത്രി അഭിഭാഷകയുടെ ഫ്ളാറ്റിൽനിന്ന് തൂക്കി പോലീസ്

 കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് അർജുൻ; പോലീസിനെ അറിയിച്ച് ഡ്രൈവർ; അർധരാത്രി അഭിഭാഷകയുടെ ഫ്ളാറ്റിൽനിന്ന് തൂക്കി പോലീസ്

’കഴിയുമെങ്കിൽ എന്നെ പിടിക്കൂ’ എന്ന് ആഭ്യന്തരമന്ത്രിയെയും പോലീസിനെയും തുറന്ന് വെല്ലുവിളിച്ച് സംസ്ഥാനത്തുടനീളം നെട്ടോട്ടമോടിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഒളിവുജീവിതത്തിന് നാടകീയ അന്ത്യം. പോലീസ് വലമുറുക്കിയെന്ന് മനസ്സിലാക്കി കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ, ഡ്രൈവർ നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് പോലീസ് പൊക്കി.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കണ്ണൂർ ഡി.ഐ.ജിയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള വൻ സംഘമാണ് ഫ്ലാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയാൻ ഉപയോഗിച്ച സ്വന്തം ഭാര്യയുടെ പേരിലുള്ള കാർ കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ച പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അർജുൻ കണ്ണൂർ നഗരത്തിലുണ്ടെന്ന് പോലീസ് ഉറപ്പിച്ചു.

പോലീസ് നഗരം വളഞ്ഞതോടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ അർജുൻ ഓട്ടോറിക്ഷയിൽ കയറി. എന്നാൽ ഓട്ടോയിൽ സഞ്ചരിച്ച യാത്രക്കാരനിൽ സംശയം തോന്നിയ ഡ്രൈവർ, യാതൊരു പരിഭ്രമവും കാണിക്കാതെ ഉടൻ തന്നെ വിവരം പോലീസിന് കൈമാറുകയായിരുന്നു.

ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, യാത്രക്കാരൻ അർജുൻ ആയങ്കി തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇയാൾ പോയിറങ്ങിയ അഭിഭാഷകയുടെ ഫ്ലാറ്റ് തിരിച്ചറിഞ്ഞ് പോലീസ് വളഞ്ഞു.

ഫ്ലാറ്റിൽ മിന്നൽ പരിശോധന നടത്തിയ അന്വേഷണസംഘം, കിടപ്പുമുറിയിൽ ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പോലീസിന്റെ ഭാഷയിൽ ‘തൂക്കിയെടുക്കുകയായിരുന്നു’.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ ഐ.പി അഡ്രസുകളും വൈഫൈ നെറ്റ്‌വർക്കുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി പോലീസിനെയും ആഭ്യന്തര മന്ത്രിയെയും നിരന്തരം വെല്ലുവിളിക്കുകയായിരുന്നു ആയങ്കി. ഇടയ്ക്ക് ഇയാളുടെ ലൊക്കേഷൻ വിദേശരാജ്യമായ ജോർജിയയിലാണെന്ന് വരുത്തിത്തീർക്കാനും ശ്രമങ്ങൾ നടന്നു.

എന്നാൽ, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽ പ്രതിയെ ഒരു സാധാരണ ഓട്ടോ ഡ്രൈവറുടെ ജാഗ്രതയാണ് ഒടുവിൽ പോലീസിന്റെ കൈകളിൽ എത്തിച്ചത്.

നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലുള്ള അർജുൻ ആയങ്കിയെ, കേസ് രജിസ്റ്റർ ചെയ്ത എറണാകുളം റൂറലിൽനിന്നുള്ള പ്രത്യേക പോലീസ് സംഘത്തിന് കൈമാറും. ഇയാൾക്ക് ഒളിത്താവളമൊരുക്കിയ അഭിഭാഷക ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാൻ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Also read: