10/08/2026
[fontresizer_tawhidurrahmandear_widget]

‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും’; മുതലപ്പൊഴി സന്ദർശിച്ച് ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

 ‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും’; മുതലപ്പൊഴി സന്ദർശിച്ച് ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീടും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും സന്ദർശിച്ചു. ജോണിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രിമാർ, സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി. കാണാതായവർക്കായി നാവികസേന, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം പഠിച്ച് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇനിയൊരു ജീവനും പൊലിയരുതെന്നും അതിനായുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുപിആർഎസ് റിപ്പോർട്ടും മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇവിടെ മണൽ നീക്കുന്നതിനായി ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കാൻ ഉത്തരവിട്ടതായി ഫിഷറീസ് മന്ത്രി അറിയിച്ചു.

രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം ഫിഷറീസ് മന്ത്രി തള്ളി. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിൽ തന്നെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പ്രവർത്തന മാർഗരേഖ (SOP) പുറത്തിറക്കുമെന്നും കോസ്റ്റൽ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിന്റെ സേവനം ലഭിക്കുന്നതിലെ കാലതാമസം വലിയ പ്രതിസന്ധിയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ബോംബെയിൽ നിന്നുള്ള അനുമതി വേണമെന്ന നിലവിലെ രീതി ഒഴിവാക്കി സേവനം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

Also read: