18/08/2026
[fontresizer_tawhidurrahmandear_widget]

പത്തുവര്‍ഷം നീണ്ട പ്രണയം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി

 പത്തുവര്‍ഷം നീണ്ട പ്രണയം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി

ലിസ്ബൺ: ദീർഘകാലത്തെ പ്രണയബന്ധത്തിനൊടുവിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. വിവാഹനിശ്ചയം കഴിഞ്ഞ് കൃത്യം ഒരു വർഷ തികയുന്ന ദിനത്തിലായിരുന്നു ഇവരുടെ വിവാഹം. കൈകോർത്ത് പിടിച്ചുള്ള വിവാഹമോതിരം ധരിച്ച ചിത്രം റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പോർച്ചുഗലിൽ വെച്ച് നടന്ന അതീവ രഹസ്യവും ലളിതവുമായ ചടങ്ങിലായിരുന്നു ഇരുപങ്കാളികളും ഒന്നായത്. പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമാണ് ജോർജിന.

2016 ജൂണിൽ മാഡ്രിഡിലെ പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഗുച്ചിയുടെ സ്റ്റോറിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അവിടെ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന ജോർജിനയെ ആദ്യ കാഴ്ചയിൽ തന്നെ റൊണാൾഡോയ്ക്ക് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പ്രമുഖ ബ്രാൻഡ് ചടങ്ങിൽ വെച്ച് കണ്ടുമുട്ടിയത് ഇവരുടെ അടുപ്പം വർദ്ധിപ്പിച്ചു.

തുടക്കകാലത്ത് തങ്ങളുടെ ബന്ധം മാധ്യമങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. എന്നാൽ 2016 അവസാനത്തോടെ ഡിസ്‌നിലാൻഡ് പാരീസിൽ വേഷം മാറി എത്തിയ റൊണാൾഡോയെയും ജോർജിനയെയും ക്യാമറകൾ പപ്പരാസികൾ പകർത്തിയതോടെ പ്രണയം പരസ്യമായി. തുടർന്ന് 2017-ലെ ഫിഫ അവാർഡ് വേദിയിലാണ് ഇരുവരും ആദ്യമായി ഔദ്യോഗികമായി ഒരുമിച്ച് പങ്കെടുത്തത്. റൊണാൾഡോയുടെ ഫുട്ബോൾ കരിയറിന്റെ ഓരോ ഘട്ടത്തിലും മാഡ്രിഡിൽ നിന്നും ടൂറിനിലേക്കും, പിന്നീട് മാഞ്ചസ്റ്ററിലേക്കും, ഒടുവിൽ സൗദി അറേബ്യയിലെ റിയാദിലേക്കും ജോർജിന അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചു.

അഞ്ച് മക്കളടങ്ങുന്നതാണ് ഇവരുടെ കുടുംബം. ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഇവാ, മാറ്റിയോ എന്നിവരെ കൂടാതെ ജോർജിനയ്ക്കും റൊണാൾഡോയ്ക്കും ജനിച്ച അലാന മാർട്ടിന, ബെല്ല എസ്മെരാൾഡ എന്നിവരാണ് മക്കൾ. 2022 ഏപ്രിലിൽ ഇവരുടെ മകൻ എയ്ഞ്ചൽ ഗർഭാവസ്ഥയിൽ മരണപ്പെട്ടത് വലിയൊരു ആഘാതമായിരുന്നു. എങ്കിലും ആ കഠിനസമയത്ത് പരസ്പരം നൽകിയ പിന്തുണയിലൂടെയാണ് തങ്ങൾ കരകയറിയതെന്ന് ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്.

മൂത്തമകൻ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ മാതാവ് ആരാണെന്ന കാര്യം റൊണാൾഡോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവാ, മാറ്റിയോ എന്നിവർ വാടകഗർഭധാരണത്തിലൂടെയാണ് (Surrogacy) ജനിച്ചത്. ഔദ്യോഗിക വിവാഹത്തിന് മുൻപ് തന്നെ റൊണാൾഡോ പലപ്പോഴും ജോർജിനയെ തന്റെ ‘ഭാര്യ’ എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ വിവാഹബന്ധം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതോടെ തങ്ങളുടെ ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഈ താരദമ്പതികൾ.

Also read: