വിദ്യാർത്ഥി പ്രതിഷേധ ഭയം; ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥിയാകില്ല
മുംബൈ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയാക്കിയതിൽ ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധ സാധ്യതകളെ തുടർന്ന് മാറ്റിവെച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടിസ്) 86-ാമത് ബിരുദദാന ചടങ്ങിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം ആഗസ്റ്റ് 22-നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥി സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്ന്, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സി.എസ്. പ്രമേഷ് ആയിരിക്കും പുതിയ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുക.
ആഗസ്റ്റ് രണ്ടിനായിരുന്നു മുൻപ് ബിരുദദാന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ ജൂലൈ 31-ന് രാത്രി ടിസ് അധികൃതർ ചടങ്ങ് പെട്ടെന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ അന്ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ ചടങ്ങ് മാറ്റിവെച്ചതിന്റെ വ്യക്തമായ കാരണങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശിഷ്ടാതിഥികളുടെ സുരക്ഷയും ക്യാമ്പസിലെ ക്രമസമാധാന സാഹചര്യവും കണക്കിലെടുത്താണ് അന്നത്തെ ചടങ്ങ് മാറ്റിവെച്ചത്. എന്നാൽ അവസാന നിമിഷമുണ്ടായ ഈ മാറ്റം വിദ്യാർത്ഥികളെ കടുത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു.
നേരത്തെ ഹൈദരാബാദിലെ നൽസർ നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിലും ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. ചീഫ് ജസ്റ്റിസിനെ പങ്കെടുപ്പിക്കുന്നതിനെതിരെ 450-ഓളം വിദ്യാർഥികളാണ് ഒപ്പുവെച്ച കത്ത് സർവകലാശാല അധികൃതർക്ക് നൽകിയത്.
ഇതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ അഭിഭാഷക എൻറോൾമെന്റ് തടഞ്ഞുകൊണ്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) കടുത്ത നടപടിയെടുത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ ബിസിഐ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. ബാർ കൗൺസിലിന്റെ നടപടിയെ വിമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ ബാർ കൗൺസിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.