02/09/2026
[fontresizer_tawhidurrahmandear_widget]

‘കുടുംബശ്രീയിലും കിലയിലും ഐഎഎസുകാരെക്കാൾ ശമ്പളം വാങ്ങി പാർട്ടിയുടെ താല്പര്യത്തിനായി ജോലി ചെയ്യുന്നവർ;  പൊതുസ്വത്ത് കട്ടുമുടിക്കുന്ന സിപിഎം ലോബിയെ പൂർണ്ണമായി തകർക്കണം’: കെ.എം. ഷാജി

 ‘കുടുംബശ്രീയിലും കിലയിലും ഐഎഎസുകാരെക്കാൾ ശമ്പളം വാങ്ങി പാർട്ടിയുടെ താല്പര്യത്തിനായി ജോലി ചെയ്യുന്നവർ;  പൊതുസ്വത്ത് കട്ടുമുടിക്കുന്ന സിപിഎം ലോബിയെ പൂർണ്ണമായി തകർക്കണം’: കെ.എം. ഷാജി

കെ.എം. ഷാജി

കോഴിക്കോട്: പരവതാനി വിവാദത്തിൽ മാധ്യമങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി. കൈരളിയും ജനം ടിവിയുമാണ് ഈ വാർത്ത നൽകിയതെന്നും എന്നാൽ തനിക്ക് അങ്ങനെ ഒരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ തന്നെ താൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നുവെന്നും വഴിയിൽ കാർപ്പറ്റ് വിരിച്ചത് ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, താൻ മണ്ണിൽ ചവിട്ടി വളർന്ന ആളാണെന്നും കൂട്ടിച്ചേർത്തു.

ഈ വിവാദത്തിന് പിന്നിൽ കൈരളിയുടെ ലേഖകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ അവിഹിത താല്പര്യങ്ങളാണെന്ന് മന്ത്രി ആരോപിച്ചു. വാർത്ത നൽകാതിരിക്കാൻ ഇയാൾ അവിഹിതമായ കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടക്കാത്തതിനാലാണ് ഇത്തരം കഥകൾ കെട്ടിച്ചമയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയിൽ പരവതാനി വിരിക്കാത്തതിനെ തുടർന്ന് മന്ത്രി കാറിൽ നിന്നിറങ്ങിയില്ലെന്നായിരുന്നു മാധ്യമങ്ങൾ നൽകിയ വാർത്ത.

കില, ക്ലീൻ കേരള, കുടുംബശ്രീ തുടങ്ങിയ എൽഎസ്‌ജിഡി മിഷനുകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ ശമ്പളം വാങ്ങി പാർട്ടിയുടെ താല്പര്യത്തിനായി മാത്രം ജോലി ചെയ്യുന്ന അനവധി ആളുകളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തസ്തികകളിൽ നിന്ന് ആളുകളെ മാറ്റി വേറെയാളുകളെ പ്രതിഷ്‌ഠിക്കുകയല്ല, മറിച്ച് സർക്കാരിന്റെ പൊതുസ്വത്ത് കട്ടുമുടിക്കുന്ന ഈ സിപിഎം ലോബികളെ പൂർണമായി ഡെമോളിഷ് ചെയ്യുകയാണ് തൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ മന്ത്രിയായി ഇരുന്നില്ലെങ്കിലും താൻ ഇരിക്കുന്നിടത്തോളം കാലം ഇത്തരക്കാർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പഞ്ചായത്തുകളിൽ നടക്കുന്ന പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനോ മന്ത്രിമാരുടെ പ്രസംഗങ്ങളിൽ ആളെ കൂട്ടുന്നതിനോ കുടുംബശ്രീ വോളണ്ടിയർമാരെ ഉപയോഗിക്കുന്ന പാർട്ടി സിസ്റ്റം പൊളിക്കുക എന്നതും കുടുംബശ്രീയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് കൊണ്ടുവരിക എന്നതും സർക്കാരിൻ്റെ നിർബന്ധപൂർവമുള്ള ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. അതിനുവേണ്ടി ശ്രമിക്കുന്നതിൻ്റെ ചൊറിച്ചിലാണ് കൈരളി, ജനം ടിവി തുടങ്ങിയ ചാനലുകൾ കാണിക്കുന്നതെന്നും ഇതിനു മുന്നിൽ നിന്നു കൊടുക്കാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.

Also read: