02/09/2026
[fontresizer_tawhidurrahmandear_widget]

‘അതൊന്നും അഭിനയമായിരുന്നില്ല’; വിവാഹത്തിൽ നിന്നും പിന്മാറിയ വരനെ അബുദബിയിലെത്തി കണ്ടു; പിന്നാലെ ജീവനൊടുക്കി

 ‘അതൊന്നും അഭിനയമായിരുന്നില്ല’; വിവാഹത്തിൽ നിന്നും പിന്മാറിയ വരനെ അബുദബിയിലെത്തി കണ്ടു; പിന്നാലെ ജീവനൊടുക്കി

അരൂർ: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരനും കുടുംബവും പിന്മാറിയതിനെ തുടർന്ന് അരൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകൾ അനഘയെ (25) ആണ് ഇന്നലെ പുലർച്ചെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ജീവനക്കാരിയായ അനഘയും തൃശൂർ സ്വദേശിയായ യുവാവുമായുള്ള വിവാഹം വരുന്ന നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നതാണ്. മുൻപ് അബുദബിയിലായിരുന്ന ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് യുവാവിന്റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി ഫോണിലൂടെ അനഘയുടെ കുടുംബത്തെ അറിയിച്ചു.

വീട്ടുകാരെ അറിയിക്കാതെ അനഘ അബുദബിയിലെത്തി യുവാവിനെ കണ്ടെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഇരുവരും നാട്ടിൽ തിരിച്ചെത്തി. ഇനി ബന്ധം തുടരുന്നില്ലെന്നും മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അനഘ വീട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാൽ, അന്നേദിവസം രാത്രിയോടെ യുവതി ജീവനൊടുക്കുകയായിരുന്നു. മരണത്തിന് തൊട്ടുമുൻപ് യുവാവിനും അമ്മയുടെ ഫോണിലേക്കും അനഘ സന്ദേശമയച്ചിരുന്നു. “യുവാവിന്റെ അമ്മയോട് പറയണം, ഇതൊന്നും അഭിനയമായിരുന്നില്ല” എന്നായിരുന്നു അമ്മയ്ക്കയച്ച അവസാന സന്ദേശം.

വരനും അമ്മയുമാണ് മരണത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ചു. അരൂർ പോലീസ് യുവതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്ത് മേൽനടപടികൾ ആരംഭിച്ചു. പ്യാരിയാണ് അനഘയുടെ അമ്മ. സഹോദരൻ: അനന്തു.

Also read: