02/09/2026
[fontresizer_tawhidurrahmandear_widget]

സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

 സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

മുംബൈ: സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ജവാലി ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ സ്കൂളിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സിജെപി നടപ്പിലാക്കുന്ന ‘സ്കൂൾ തിക് കരോ’ കാമ്പെയ്നിന്റെ ഭാഗമായാണ് അഭിജിതും സംഘവും സ്കൂൾ സന്ദർശിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞദിവസം രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശനത്തിനിടെ സി.ജെ.പി നേതാവ് അശുതോഷ് റാങ്കയ്ക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി ആരോപിച്ചു.

Also read: