‘എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല’; 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജീവയും അപർണ്ണയും
കൊച്ചി: ഓൺസ്ക്രീനിലും സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകർ ഏറെ ആഘോഷിച്ച ജനപ്രിയ ദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അപർണ്ണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വേർപിരിയൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഒടുവിൽ ജീവ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. 11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എൻ്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിൻ്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു. നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്‌ടപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ അത് ‘ഞങ്ങൾ’ അല്ല; കേവലം ജീവ എന്നും അപർണ്ണ എന്നും രണ്ടുപേർ മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടുപേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു. അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണ്ണമായും തികച്ചും വ്യക്തിപരമായതാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്… ഞാനതിൽ വിശ്വസിക്കുന്നു’- ജീവ കുറിച്ചു.
അപർണ്ണയുടെ ജന്മദിന പോസ്റ്റിലെ ‘തികച്ചും ഒറ്റയ്ക്ക്’ എന്ന വാക്കും ‘വിവാഹവാർഷികമൊക്കെ പണ്ട്’ എന്ന മറുപടിയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, താരങ്ങൾ ഇരുവർക്കുമിടയിൽ ഒരു തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ജീവയുടെ ഈ ഔദ്യോഗിക പ്രതികരണത്തോടെ ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും പ്രതീക്ഷകൾ മങ്ങുകയാണുണ്ടായത്. കഴിഞ്ഞ 11 വർഷമായി തങ്ങളുടെ പ്രണയവും യാത്രകളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെച്ച ജീവയും അപർണ്ണയും ഇനി തനിച്ചുള്ള വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ, തങ്ങളുടെ പ്രിയതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ആരാധകർ.